ഉമ്മൻ ചാണ്ടി അനുസ്മരണം: മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിന് കേസ്

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചപ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. മൈക്ക് സെറ്റ് ഉടമ രഞ്ജിത്തിനെതിരെ കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരള പൊലീസ് ആക്ടിലെ 118 ഇ വകുപ്പ് പ്രകാരമാണ് (പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയെ ബാധിക്കുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യല്‍) കേസെടുത്തത്.

കേസെടുത്തതിന് പിന്നാലെ പൊലീസ് നിർദേശ പ്രകാരം പരിപാടിക്ക് ഉപയോഗിച്ച മൈക്ക്, ആംപ്ലിഫയർ അടക്കമുള്ള ഉപകരണങ്ങൾ രഞ്ജിത് സ്റ്റേഷനിൽ ഹാജരാക്കി. ഇലക്ട്രിക്കൽ എൻജിനീയർ പരിശോധിച്ച ശേഷം ഉപകരണങ്ങൾ തിരികെ നൽകാമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. 

തിങ്കളാഴ്ച അയ്യൻകാളി ഹാളില്‍ നടന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് മൈക്കിന് സാങ്കേതിക തകരാർ ഉണ്ടായത്. ഉടൻ തന്നെ ഓപറേറ്റർ തകരാർ പരിഹരിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി അറിയാതെയായിരിക്കാം കേസെടുത്തതെന്ന് ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി പ്രതികരിച്ചു. സാങ്കേതിക തകരാറിനെതിരെ കേസെടുക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉയർന്ന മുദ്രാവാക്യം വിളിയും അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിനെ കെ. സുധാകരൻ വിമർശിച്ചതും ഇപ്പോൾ സജീവ ചർച്ചയാണ്.

മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോൺഗ്രസ് സമീപനമെന്ന് ഒരുവിഭാഗം സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെതിരെ മന്ത്രി വി.എന്‍. വാസവൻ രംഗത്തെത്തിയിരുന്നു. വേട്ടയാടൽ നേരിടുന്നത് മുഖ്യമന്ത്രിയാണെന്നും ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെയെന്നും ഇ.പി. ജയരാജനും പറഞ്ഞു.

മുദ്രാവാക്യം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. അതേസമയം, മുദ്രാവാക്യം വിളി സ്വാഭാവികമാണെന്നും ഉമ്മൻ ചാണ്ടിയെ ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നെന്നും കോൺഗ്രസ് പ്രതികരിച്ചു. മുദ്രാവാക്യം വിളി മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് നിർത്തിച്ചതും കോൺഗ്രസ് നേതാക്കള്‍ എടുത്തുപറയുന്നു.

Tags:    
News Summary - Oommen Chandy commemoration: case of interruption of microphone during CM's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.