തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വേർപാടുണ്ടാക്കിയ കണ്ണീരിന്റെ പേര് പറഞ്ഞ് ചാണ്ടി ഉമ്മൻ വോട്ട് തേടരുതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കും. ചാണ്ടി ഉമ്മൻ യു.ഡി.എഫിനായി മത്സരിക്കുന്നത് കൊണ്ട് യാതൊരു ഭയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. അതിന് മുമ്പുള്ള തെരഞ്ഞെടുപ്പിൽ 33,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ബി.ജെ.പിയുടെ 10,000ത്തോളം വോട്ട് യു.ഡി.എഫ് പിടിച്ചു. തോൽക്കുമെന്ന ഘട്ടത്തിൽ കോൺഗ്രസ് വഴിവിട്ട നീക്കങ്ങൾ നടത്തുകയായിരുന്നു. അങ്ങനെയാണ് ബി.ജെ.പിയുടെ വോട്ട് കുറഞ്ഞത്.
കേരളത്തിൽ സി.പി.എമ്മിന് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള മണ്ഡലമാണ് പുതുപ്പള്ളി. എട്ടിൽ ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. ഈയൊരു സാഹചര്യത്തിൽ ഉമ്മൻചാണ്ടി തന്നെ മണ്ഡലത്തിൽ മത്സരിക്കാനെത്തിയാലും രക്ഷപ്പെടാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മണ്ഡലങ്ങളുമായി താരത്യം ചെയ്യുമ്പോൾ പുതുപ്പള്ളിയിൽ വികസനം കുറവാണ്. മണ്ഡലത്തിൽ സമ്പൂർണ്ണ വൈദ്യുതീകരണം യാഥാർഥ്യമാക്കിയത് വി.എസ് സർക്കാറാണ്. ഇപ്പോഴും അവിടെ 30 ശതമാനം വീടുകളിലും കുടിവെള്ളമെത്തിച്ചിട്ടില്ല. വി.എസ് സർക്കാറിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചത്. ചൈനീസ് കപ്പലുകളെത്തുമെന്നതിന്റെ പേരിൽ അത് തടയുകയായിരുന്നു. കണ്ണൂർ വിമാനത്താവള സ്ഥലമേറ്റെടുപ്പ് നടത്തിയത് ഇ.കെ നായനാറിന്റെ കാലത്തായിരുന്നുവെന്നും എ.കെ ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.