(ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറിയായ പി.ടി. ചാക്കോ എഴുതുന്ന ഓർമ്മക്കുറിപ്പ് )
ഉമ്മന്‍ ചാണ്ടി വിടപറഞ്ഞപ്പോൾ നടത്തിയ അനുസ്മരണങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് സിനിമ നടൻ മമ്മൂട്ടിയുടേതായിരുന്നു. അദ്ദേഹത്തിന് ആരും ഡോക്ടറേറ്റ് കൊടുത്തിട്ടില്ല. നല്കുകയായിരുന്നെങ്കില് അതു മനുഷ്യസ്നേഹത്തിന് ആകണമായിരുന്നു. ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാമെന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
എങ്ങനെ ആളുകളെ സഹായിക്കാമെന്നത് വ്രതംപോലെ ജീവിതത്തില്‍ പുലര്‍ത്തിയ ആളാണ് അദ്ദേഹം. നാലുതവണ 14 ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വയം ഉരുകിത്തീര്‍ന്നു. പതിനെട്ടും ഇരുപതും മണിക്കൂർ ജലപാനം നടത്താതെ കണ്ണിമയടക്കാതെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍ ക്ഷീണം അറിഞ്ഞില്ല. 2004ല്‍ മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി അരങ്ങേറിയത്.
യു.എന്‍ പുരസ്കാരത്തെപ്പോലും ഇകഴ്ത്തിക്കെട്ടാന്‍ ഇടതുപക്ഷം വിയര്‍പ്പൊഴുക്കി. യു.എന്‍ പുരസ്കാരം അദ്ദേഹത്തിന് നൽകരുതെന്ന് ആവശ്യപ്പെട്ട് യു.എന്നിലേക്ക് സി.പി.എമ്മുകാരുടെ പരാതികള്‍ പ്രവഹിച്ചു. കൂട്ടനിവേദനം നൽകി. അവാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ബഹ്റൈനില്‍ നടന്ന ചടങ്ങില്‍ യുഎന്‍ പുരസ്കാരം നേടി മടങ്ങിയെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞും കരിങ്കൊടി കാട്ടിയുമാണ് സി.പി.എം സ്വീകരിച്ചത്.
പുതുപ്പള്ളി ദര്‍ബാര്‍
സാധാരണക്കാര്‍ക്ക് ജനസമ്പര്‍ക്ക പരിപാടി വിസ്മയമായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് അത് നിത്യാഭ്യാസം ആയിരുന്നു. 1970ലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1980കളില്‍ തന്നെ അദ്ദേഹം എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലി കുടുംബവീട്ടില്‍ ആളുകളെ കണ്ടുതുടങ്ങിയിരുന്നു. ചെറിയതോതില്‍ തുടങ്ങിയ പുതുപ്പള്ളി ദര്‍ബാര്‍ പിന്നീട് വളര്‍ന്നു ഞായറാഴ്ചകളില്‍ ആയിരങ്ങള്‍ അവിടെ എത്തുമായിരുന്നു. ഓരോരുത്തരുടെയും അടുത്തുചെന്ന് തലയൊന്നു ചെരിച്ചുപിടിച്ച് അവരുടെ പ്രശ്നങ്ങള്‍കേട്ട് അപ്പോള്‍ തന്നെ സഹായിക്കുന്ന ഒരു ജാലവിദ്യ. ചിലര്‍ക്കൊരു ഫോണ്‍ കാള്‍. മറ്റു ചിലര്‍ക്കൊരു കത്ത്. വേറെ ചിലരെ സഹായിക്കാന്‍ സ്വന്തം പോക്കറ്റിലേക്കു കൈനീളും. അതിരാവിലെ ആരംഭിക്കുന്ന പുതുപ്പള്ളി ദര്‍ബാര്‍ തീരാന്‍ നാലഞ്ചുമണിക്കൂറെടുത്തിരുന്നു. ഇതാണ് പിന്നീട് ജനസമ്പര്‍ക്ക പരിപാടിയായി സംസ്ഥാനതലത്തില്‍ അവതരിപ്പിക്കപ്പെട്ടത്.
രാവണന്‍കോട്ട
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ തുടങ്ങിയവയുടെയെല്ലാം ലക്ഷ്യം മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു. ഇതു കൂടാതെയാണ് ആളുകളെ വീട്ടിലും ഓഫിസിലും ജില്ലകളിലുമൊക്കെ കണ്ടുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ ഓഫിസ് സദാസമയവും തുറന്നുകിടന്നു. ആരെയും തടഞ്ഞില്ല. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പോയിട്ട് സെക്രട്ടേറിയറ്റിലേക്കുപോലും ആരെയും കടത്തിവിടില്ല. രാവണന് കോട്ടപോലെ അത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്.
യേശുവിന്റെ വസ്ത്രാഞ്ജലത്തില്‍ തൊടാന്‍ ജനം ഓടിയെത്തിയതുപോലെയാണ് ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് ആളുകള്‍ എത്തിയിരുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ. ജയകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ദിവസം പത്തുനൂറു പേരെയെങ്കിലും സഹായിച്ചില്ലെങ്കില്‍ തന്റെ ജീവിതം സാർഥകമാകില്ലെന്ന് ഉറച്ചുവിശ്വസിച്ച ആളായിരുന്നു അദ്ദേഹം.
ഡോക്ടറേറ്റ്
വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും അദ്ദേഹത്തെ വിസ്മൃതിയില്‍ അപ്രത്യക്ഷനായില്ല. പുതുപ്പള്ളി പള്ളിയിലെ കബറിടത്തിലേക്ക് ആളുകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വമ്പിച്ച ഭൂരിപക്ഷവും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവും അതിന് തെളിവാണ്. മമ്മൂട്ടി ചൂണ്ടിക്കാട്ടിയതുപോലെ, ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് കൊടുത്തിട്ടില്ല. പക്ഷേ ജനം അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്. അതായിരുന്നു ആ ജനപ്രവാഹം. അതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.