അക്ഷരാർഥത്തിൽ ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും
മനുഷ്യരൂപം. തന്റെ ഒരുവാക്കുകൊണ്ടോ ഒപ്പുകൊണ്ടോ ആരെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം
ഒരിക്കലും വിമുഖത കാട്ടിയില്ല... മുൻ മന്ത്രി കെ.സി. ജോസഫ് എഴുതിയ ഓർമ്മക്കുറിപ്പ്
ആറ് പതിറ്റാണ്ടോളം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻ ചാണ്ടി വിട്ടുപിരിഞ്ഞിട്ട് ഒരുവർഷം തികയുന്നു. അദ്ദേഹം ഒപ്പമില്ലെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്. വേദനിപ്പിക്കുന്ന സ്മരണകളുമായി ഓർമത്താളുകളിൽ നിറഞ്ഞുനിൽക്കുന്നു. തിരുവനന്തപുരത്തുനിന്ന് ജൂലൈ 19ന് രാവിലെ എട്ടിന് ആരംഭിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 40 മണിക്കൂർ യാത്രചെയ്താണ് പുതുപ്പള്ളിയിലെ കല്ലറയിലെത്തിയത്. വികാരനിർഭരമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നൽകിയത്. ഒരുനോക്കുകാണാൻ വേദനകടിച്ചമർത്തി മണിക്കൂറുകൾ കാത്തുനിന്ന ജനസമൂഹത്തിന്റെ ചിത്രവും കണ്ണിൽനിന്ന് മായുന്നില്ല. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര ഉമ്മൻ ചാണ്ടി ആരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി.
അക്ഷരാർഥത്തിൽ ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യരൂപം. തന്റെ ഒരുവാക്കുകൊണ്ടോ ഒപ്പുകൊണ്ടോ ആരെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം ഒരിക്കലും വിമുഖത കാട്ടിയില്ല. 14 ജില്ലയിലും നാലുതവണ വീതം നടത്തിയ ജനസമ്പർക്ക പരിപാടിയാണ് ഇതിന്റെ ഉദാഹരണം. ആയിരക്കണക്കിന് ആളുകളെ നേരിട്ടുകണ്ട് പരാതി ഏറ്റുവാങ്ങിയത് മാത്രമായിരുന്നില്ല. ഇതിൽ കൃത്യമായ ഉത്തരം നൽകി. ഇന്ത്യ ചരിത്രത്തിൽ ജനത്തെ നേരിട്ടുകണ്ട് പരാതി ഏറ്റുവാങ്ങി ഓരോ പരാതിയിലും സ്വന്തം കൈപ്പടയിൽ കുറിപ്പെഴുതിയ ഒരു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
2011ൽ അദ്ദേഹം മുഖ്യമന്ത്രിയായ അവസരത്തിൽ പാവപ്പെട്ടവർക്ക് റേഷൻകാർഡ് ലഭിക്കാനുള്ള ബുദ്ധിമുട്ട് അദ്ദേഹം മന്ത്രിസഭയിൽ ചർച്ചക്ക് കൊണ്ടുവന്നു. ഒരുറേഷൻ കാർഡിന് സർട്ടിഫിക്കറ്റും രേഖകളും അടക്കം അപേക്ഷ കൊടുത്താൽ താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് കാർഡ് കിട്ടാൻ മാസങ്ങളുടെ കാലതാമസം വന്നിരുന്നു. അദ്ദേഹം കാബിനെറ്റിൽവെച്ച നിർദേശം വെള്ളക്കടലാസിൽ സത്യവാങ്മൂലമടക്കം അപേക്ഷ നൽകിയാൽ 24 മണിക്കൂറിനകം നൽകണമെന്നതായിരുന്നു.
പിന്നീട് പരിശോധന നടത്തിയാൽ മതി. ചില മന്ത്രിമാർ സംശയം ഉന്നയിച്ചു. വ്യാജഅപേക്ഷകളും ഉണ്ടാകില്ലേയെന്ന്. അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് നമുക്ക് ജനത്തെ വിശ്വസിക്കാം. ഒരുറേഷൻ കാർഡിനായി ആരും വ്യാജ അപേക്ഷ നൽകില്ല. ഇനി അങ്ങനെ ഉണ്ടായാലും ആകെ സംഭവിക്കുന്നത് രണ്ടോ മൂന്നോ ആഴ്ച അവർ റേഷൻ വാങ്ങും. എന്നാലും കുഴപ്പമില്ല. മറ്റ് അപകടമൊന്നും സംഭവിക്കാനില്ലല്ലോ. മന്ത്രിസഭ മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചു.
ഫയലുകളിൽ ഉടൻ തീരുമാനമെടുക്കുകയെന്നത് അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. അദ്ദേഹം സഹപ്രവർത്തകരോട് പറയും. ‘‘അറിഞ്ഞുകൊണ്ട് നമ്മൾ തെറ്റ് ചെയ്യരുത്. ചിലപ്പോൾ 10 കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്നോ രണ്ടോ തെറ്റിയേക്കാം. അത് സാരമില്ല. പിന്നീട് കറക്ട് ചെയ്താൽ മതി. പക്ഷേ, അതിന്റെ പേരിൽ ഒന്നും ചെയ്യാതിരുന്നാൽ ഒരുകാര്യവും നടക്കില്ല’’ ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഫിലോസഫി.
ഉമ്മൻ ചാണ്ടിയെപ്പറ്റി എത്ര എഴുതിയാലും അവസാനമില്ല. ചങ്ങനാശ്ശേരി എസ്.ബി കോളജിൽ ബി.എ ഇക്കണോമിക്സിൽ ഒരുക്ലാസിൽ ഒന്നിച്ചിരുന്നു പഠിച്ച സമയം മുതൽ കെ.എസ്.യുവിലൂടെ.. യൂത്ത് കോൺഗ്രസിലൂടെയെല്ലാം കടന്നുപോയ നാളുകൾ.. അതേ ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.