കോട്ടയം: പുതുപ്പള്ളി നിയസഭ മണ്ഡലത്തിലെ വോട്ടർമാരുടെ ലിസ്റ്റിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരുണ്ട്. ജോർജിയൻ പബ്ലിക് സ്കൂളിൽ 126 ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 647ാം ക്രമ നമ്പറായിട്ടാണ് ഉമ്മൻചാണ്ടിയുടെ പേര് നീക്കം ചെയ്യാതെ കിടക്കുന്നത്.
വോട്ടർ മരിച്ചാൽ പട്ടികയിൽ നിന്ന് പേര് നീക്കാൻ സ്വാഭാവികമായ കാലതാമസം പതിവാണ്. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം പ്രദേശത്തെ ബൂത്തുതല ഓഫീസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. ഈ നടപടി ക്രമങ്ങൾ പാലിച്ചാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുക.
ജൂലൈ 18 നായിരുന്നു പുതുപ്പള്ളി എം.എൽ.എ ആയിരുന്ന ഉമ്മൻചാണ്ടി മരണപ്പെട്ടത്. തുടർന്നാണ് തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകണമെന്ന് ജനം ഇന്നാണ് വിധിയെഴുതുന്നത്. പോളിങ് രാവിലെ ഏഴിന് ആരംഭിച്ചിട്ടുണ്ട്. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
യു.ഡി.എഫിന്റെ ചാണ്ടി ഉമ്മൻ, എൽ.ഡി.എഫിന്റെ ജെയ്ക് സി. തോമസ്, ബി.ജെ.പിയുടെ ജി. ലിജിൻ ലാൽ, ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് എന്നിവരാണ് പ്രധാനമായുള്ളത്. ഇവർക്ക് പുറമെ പി.കെ. ദേവദാസ്, ഷാജി, സന്തോഷ് പുളിക്കൽ എന്നീ മൂന്ന് സ്വതന്ത്രന്മാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.