യു.ഡി.എഫ് സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: സ്വാശ്രയ മെഡിക്കല്‍ വിഷയം ഉന്നയിച്ച് യു.ഡി.എഫ് നടത്തുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥികളില്‍നിന്ന് അധികമായി വാങ്ങിയ മുഴുവന്‍ ഫീസും തിരിച്ച് നല്‍കുന്നതുവരെ സമരം തുടരും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുടെ പ്രശ്നമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി സമരം മുന്നോട്ട് കൊണ്ടുപോകും. സ്വാശ്രയ വിഷയത്തില്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും തനിനിറം തിരിച്ചറിഞ്ഞു. ഇക്കാര്യം ജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്. ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വീണ്ടും തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണ്. ഇരുകൂട്ടരും ഇക്കാര്യം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ പ്രശ്നത്തിന്‍െറ പേരില്‍ സമരം നടത്തി പൊലീസ് മര്‍ദനമേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിക്കാനത്തെിയതായിരുന്നു ഉമ്മന്‍ ചാണ്ടി.

എം.എല്‍.എമാരുടെ അനിശ്ചിതകാല നിരാഹാരം നാലാം ദിവസത്തിലേക്ക്

സമരക്കാരെ കാണാന്‍ വി.എസും

സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ നിയമസഭാകവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ അനിശ്ചിതകാല നിരാഹാരസമരം നാലാംദിവസത്തിലേക്ക്. ഇതിനിടെ വെള്ളിയാഴ്ച സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിരാഹാരമിരിക്കുന്നവരെ സന്ദര്‍ശിച്ചു. രാവിലെ 8.40ന് എത്തിയ വി.എസ് എം.എല്‍.എമാരെ ഹസ്തദാനം ചെയ്യുകയും കൈയുയര്‍ത്തി അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നേരെ സഭക്കകത്ത് പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റൊരു കവാടത്തിലൂടെയായിരുന്നു വി.എസ് സഭയിലത്തെിയത്. വെള്ളിയാഴ്ച സമരക്കാരെ സന്ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രധാനകവാടത്തിലൂടെ എത്തിയത്. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ജി. സുധാകരന്‍ എന്നിവരും നിരാഹാരമിരിക്കുന്നവരെ സന്ദര്‍ശിച്ചിരുന്നു.

നിരാഹാരസമരം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭാസമ്മേളനമില്ളെങ്കിലും സമരം സഭാകവാടത്തില്‍ തന്നെ തുടരും. നേരത്തേ ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ്  വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. നിരാഹാരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചിച്ച് ഉപവാസമനുഷ്ഠിച്ച ലീഗ് എം.എല്‍.എമാരായ കെ.എം. ഷാജിക്കും പി. ഷംസുദ്ദീനും പകരം ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ ബുധനാഴ്ച ഉപവാസമേറ്റെടുത്തു. മുതിര്‍ന്ന യു.ഡി.എഫ് എം.എല്‍.എമാരും പകല്‍ മുഴുവന്‍ നിരാഹാരമിരിക്കുന്നവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വെള്ളിയാഴ്ചയും സമരക്കാരെ സന്ദര്‍ശിച്ചു.

നിരാഹാരവേദിക്കുസമീപം ടി.വി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. നിരാഹാരം നാലാം ദിവസത്തിലേക്ക് കടന്നതോടെ എം.എല്‍.എമാര്‍ ക്ഷീണിതരാണ്. അതേ സമയം സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ കക്ഷിനേതാക്കള്‍ സമരമാരംഭിക്കണമെന്നും ആവശ്യമുണ്ട്. 

Tags:    
News Summary - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.