സ്കോള്‍ കേരള: ആസ്ഥാനം മലബാറിലേക്ക് മാറ്റാനുള്ള  വിദഗ്ധ സമിതി ശിപാര്‍ശ അട്ടിമറിക്കുന്നു

മലപ്പുറം: ഓപണ്‍ സ്കൂള്‍ സംവിധാനം ശാസ്ത്രീയമാക്കുന്നത് സംബന്ധിച്ച ഡോ. എ. അച്യുതന്‍ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ ചുവടുപിടിച്ച് സ്കോള്‍ കേരള ജനറല്‍ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ ഭരണതലത്തില്‍ നീക്കം. ഓപണ്‍ സ്കൂളിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനത്തിലധികവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ ആസ്ഥാനം മലബാറില്‍ ആക്കണമെന്നതായിരുന്നു 2009 ആഗസ്റ്റ് 19ന് വിദഗ്ധ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളിലൊന്ന്. ഇതുപ്രകാരം 2016 ഫെബ്രുവരി എട്ടിന് ചേര്‍ന്ന പ്രഥമ ജനറല്‍ കൗണ്‍സില്‍ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റാനും തിരുവനന്തപുരത്ത് മേഖലാ കേന്ദ്രം തുടങ്ങാനും തീരുമാനിച്ചു. 

ഈ തീരുമാനം അട്ടിമറിക്കാനും നിലവില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ മേഖലാ കേന്ദ്രം പൂട്ടാനുമുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണിപ്പോള്‍. കോഴിക്കോട്ടേക്ക് ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച തീരുമാനം പുന$പരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്‍െറ നിയമസഭയിലെ മറുപടി ഇതിന് തെളിവാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ ചോദ്യത്തിനുത്തരമായാണ് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. 
എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായ കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്താണ് ഓപണ്‍ സ്കൂള്‍ രംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി ഡോ. എ. അച്യുതന്‍ ചെയര്‍മാനും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ മെംബര്‍ സെക്രട്ടറിയുമായി ഏഴംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് കേരള സ്റ്റേറ്റ് ഓപണ്‍ സ്കൂള്‍ എന്നത് ‘സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപണ്‍ ആന്‍ഡ് ലൈഫ്ലോങ് എജുക്കേഷന്‍ -സ്കോള്‍ കേരള എന്ന് പേര് മാറ്റിയത്. നയപരവും അക്കാദമികവുമായ തീരുമാനങ്ങള്‍ക്കായി ജനറല്‍ കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിവ രൂപവത്കരിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ചേര്‍ന്ന പ്രഥമ ജനറല്‍ കൗണ്‍സിലിന്‍െറ ഒന്നാം നമ്പര്‍ തീരുമാനമായിരുന്നു ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുക എന്നത്. 

എന്നാല്‍, ആഗസ്റ്റ് 18ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗം ഈ തീരുമാനം റദ്ദാക്കാന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. നിയമപ്രകാരം ജനറല്‍ കൗണ്‍സില്‍ എടുത്ത തീരുമാനം റദ്ദാക്കാന്‍ എക്സിക്യൂട്ടിവിന് അധികാരമില്ല. ഇത് മറികടക്കാന്‍ എത്രയും പെട്ടെന്ന് ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് ആസ്ഥാനം മാറ്റാനുള്ള തീരുമാനം റദ്ദാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ആസ്ഥാനം മാറ്റുന്നതിന് എതിരായ തിരുവനന്തപുരം ജില്ലക്കാരായ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുന്‍ ഇടതുസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ സുപ്രധാന ശിപാര്‍ശ പുതിയ സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. 

Tags:    
News Summary - open school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.