താമരശ്ശേരി: വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ കമീഷൻ നൽകിയ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പരാതിക്കാരി. ആദ്യം മുതൽ പ്രചരിപ്പിച്ച റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ മനുഷ്യാവകാശ കമീഷനും നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കമീഷന്റെ റിപ്പോർട്ടിലാണ് പ്രതീക്ഷയെന്നും അടിവാരം സ്വദേശി ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് നിയോഗിച്ച ആഭ്യന്തര കമീഷൻ റിപ്പോർട്ട് നൽകിയത്.
ഗൈനക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനകോളജിസ്റ്റ് സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. എം. മണികണ്ഠൻ എന്നിവരടങ്ങിയ ആഭ്യന്തര അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്.
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ ഫോർസെപ്സ് (കത്രിക രൂപത്തിലുള്ള ഉപകരണം) കണ്ടെത്തിയ സംഭവത്തിൽ കുറ്റം തങ്ങളുടേതല്ലെന്ന നിലപാടുമായി അധികൃതർ. മനുഷ്യാവകാശ കമീഷന് നൽകിയ മറുപടിയിലാണ് ഐ.എം.സി.എച്ച് സൂപ്രണ്ടിന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണത്തിൽ രേഖകൾ പരിശോധിച്ചപ്പോൾ ശസ്ത്രക്രിയക്ക് ഉപയോഗിച്ച മുഴുവൻ ഉപകരണങ്ങളും എണ്ണിത്തിട്ടപ്പെടുത്തി തിരികെ വെച്ചതായി ഡോക്ടർമാരും മറ്റ് ബന്ധപ്പെട്ടവരും സാക്ഷ്യപ്പെടുത്തിയതായി സൂപ്രണ്ട് നൽകിയ മറുപടിയിൽ പറയുന്നു.
മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഉത്തരവ് പ്രകാരം രൂപവത്കരിച്ച സമിതിയുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൻ പ്രകാരമുള്ള സമിതിയുടെയും അന്വേഷണങ്ങൾ പൂർത്തിയായിട്ടില്ലെന്നും സൂപ്രണ്ട് മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
സെപ്റ്റംബർ ആറിനാണ് പ്രിൻസിപ്പൽ അന്വേഷണ സമിതിയെ നിയോഗിച്ചത്. 16 നാണ് സർക്കാർ നിർദേശ പ്രകാരം ഡി.എം.ഇ യുടെ സമിതി അന്വേഷണം തുടങ്ങിയത്. 2017 നവംബറിലാണ് അടിവാരം സ്വദേശിനി ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായത്. അതിനു ശേഷമാണ് യുവതിക്ക് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയത്. ആറുമാസത്തോളം കടുത്ത വയറുവേദന അനുഭവപ്പെട്ടു. കടുത്ത ആരോഗ്യപ്രശ്നം മൂലം സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ മെറ്റൽ ഉപകരണം കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബർ 14ന് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതിക്ക് സെപ്റ്റംബർ 17ന് ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.