കൊച്ചി: തെലങ്കാന ഭരണകക്ഷിയായ ടി.ആർ.എസിന്റെ എം.എൽ.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന (ഓപറേഷൻ താമര) കേസിൽ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച് സെന്ററിലെ (എ.ഐ.എം.എസ്) ജീവനക്കാരായ മൂന്ന് പേരുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈകോടതി വെള്ളിയാഴ്ച വരെ നീട്ടി. നേരത്തേ തിങ്കളാഴ്ച വരെ അറസ്റ്റ് വിലക്കിയിരുന്നു. ഹരജി നിലനിൽക്കുന്നതാണോയെന്ന് കണ്ടെത്താൻ വിശദ പരിശോധന ആവശ്യമാണെന്ന് പറഞ്ഞ ജസ്റ്റിസ് കെ. ബാബു, വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
തെലങ്കാന പൊലീസിന് ഇ-മെയിൽ വഴിയും രജിസ്ട്രേഡ് പോസ്റ്റ് വഴിയും നോട്ടീസ് നൽകാനും ഉത്തരവിട്ടു. കേസുമായി ഒരു ബന്ധവുമില്ലാത്ത തങ്ങൾക്ക് പ്രത്യേക അന്വേഷണസംഘ തലവനായ ഹൈദരാബാദിലെ രാജേന്ദ്ര നഗർ അസി. പൊലീസ് കമീഷണറുടെ ഓഫിസിൽ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകിയിരിക്കുകയാണെന്നും അറസ്റ്റിന് സാധ്യതയുള്ളതിനാൽ തടയണമെന്നുമാവശ്യപ്പെട്ട് ആശുപത്രി കോഓഡിനേറ്റർ ശരത് മോഹൻ, ക്ലിനിക്കൽ കോഓഡിനേറ്റർ വിമൽ വിജയൻ, അഡമിനിസ്ട്രേറ്റിവ് എക്സിക്യൂട്ടിവ് കെ.പി. പ്രശാന്ത് എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്.
ഒന്നാം പ്രതി രാമചന്ദ്ര ഭാരതിയടക്കം മൂന്ന് പ്രതികളുമായി തുഷാർ വെള്ളാപ്പള്ളി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. അമൃത ആശുപത്രിയിലെ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജഗ്ഗു മുഖേനയാണ് ഇവർ പരിചയത്തിലാകുന്നതും ചർച്ചക്ക് വഴി തെളിഞ്ഞതുമെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.