വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം

തിരുവനന്തപുരം: കുറഞ്ഞ പലിശനിരക്കില്‍ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാൻ വൈദ്യുതി റെഗുലേറ്ററി കമീഷന്‍ കെ.എസ്.ഇ.ബിക്ക് അംഗീകാരം നല്‍കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ജൂലൈ 19ലെ ഉത്തരവിലൂടെയാണ് അംഗീകാരം നല്‍കിയത്. 2023 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡിന് ഉപഭോക്താക്കളില്‍നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക 3260 കോടി രൂപയാണ്.

നിലവില്‍ രണ്ടോ അതില്‍ കൂടുതലോ വര്‍ഷമായി കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി കുറഞ്ഞ പലിശനിരക്കില്‍ തീർപ്പാക്കാനാവുക. ജൂലൈ 20 മുതല്‍ ഡിസംബര്‍ 30 വരെയാകും പദ്ധതിയുടെ കാലാവധി.വൈദ്യുതി കുടിശ്ശികക്ക് നിലവില്‍ വൈദ്യുതി ബോര്‍ഡ് 18 ശതമാനം പിഴപ്പലിശയാണ് ഈടാക്കുന്നത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികക്ക് ആറ് ശതമാനവും അഞ്ചുമുതല്‍ 15 വര്‍ഷം വരെയുള്ള കുടിശ്ശികക്ക് അഞ്ചുശതമാനവും പതിനഞ്ച് വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികക്ക് നാല് ശതമാനും പലിശ നല്‍കിയാല്‍ മതിയാകും. പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടക്കുന്നതിന് 12 തവണകള്‍ വരെ അനുവദിക്കും.

കോടതി നടപടികളില്‍ കുടുങ്ങി തടസ്സപ്പെട്ട കുടിശ്ശിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചുതീര്‍ക്കാനാകും. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടക്കേണ്ട മിനിമം ഡിമാൻഡ് ചാര്‍ജ് പുനര്‍നിർണയം ചെയ്ത് കുറവുവരുത്തി പിരിച്ചെടുക്കാനും ബോര്‍ഡിന് നിർദേശം നല്‍കി.

മുന്‍കാലങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടിയ ഉപഭോക്താക്കളില്‍ പല കാരണങ്ങളാല്‍ കുടിശ്ശിക തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ മികവ് കാട്ടുന്ന സെക്ഷന്‍, സബ്ഡിവിഷന്‍, ഡിവിഷന്‍, സര്‍ക്കിള്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റിവും പ്രോത്സാഹനവും നല്‍കണമെന്നും കമീഷന്‍ നിർദേശിച്ചു.

Tags:    
News Summary - Opportunity to settle electricity dues in one go

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.