പെരിന്തൽമണ്ണ: ഭൂമിയുമായി എതിർദിശയിൽ വരുന്നതിനാൽ ഒക്ടോബർ 13ന് രാത്രി മുഴുവൻ ചൊവ്വഗ്രഹത്തെ അത്യധിക ശോഭയിൽ കാണാമെന്ന പ്രതീക്ഷയിലാണ് വാനനിരീക്ഷകർ. ഇത്രയും ശോഭയിൽ ഈ കാഴ്ച ഇനി 2035ൽ മാത്രം. ഭൂമി മധ്യത്തിലും സൂര്യനും ഏതെങ്കിലും ഒരു ഗ്രഹവും എതിർദിശയിലും നേർരേഖയിലും വരുന്ന പ്രതിഭാസമാണ് ഓപ്പോസിഷൻ. ഈ ദിവസം ഓപ്പോസിഷൻ സംഭവിക്കുന്ന ഗ്രഹം സൂര്യാസ്തമയത്തോടെ കിഴക്കുദിച്ച് പാതിരാത്രിയോടെ ഉച്ചിയിലെത്തും. പിറ്റേന്ന് പുലർച്ച സൂര്യോദയസമയത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും. അതിനാൽ രാത്രി മുഴുവൻ അതിനെ കാണാനാകുെമന്ന് വാനനിരീക്ഷകൻ ഇല്യാസ് പെരിമ്പലം പറഞ്ഞു.
സൂര്യാസ്തമയത്തോടെ കിഴക്ക് ഉദിച്ചാലും ചക്രവാള ശോഭ മാഞ്ഞ് ചൊവ്വ അൽപം ഉയർന്നാലേ നഗ്നനേത്രങ്ങളാൽ ദൃശ്യമാകൂ. ഒരു മണിക്കൂറിൽ ഏകദേശം 15 ഡിഗ്രി വീതം ഉയരുന്ന ചൊവ്വ, രാത്രി 12ന് ഉച്ചിയിലെത്തും. ഈ ദിവസം രാത്രി സമയത്ത് ചൊവ്വയോളം തിളക്കമുള്ള ഒരു വസ്തു ആകാശത്തുണ്ടാവില്ല എന്നതും ചൊവ്വയുടെ ചുവപ്പ് നിറവും അതിനെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.
ഗോളാകൃതിയുള്ള ഗ്രഹങ്ങളുടെ ഒരു പകുതിയിൽ എല്ലായ്പ്പോഴും സൂര്യപ്രകാശം വീഴുന്നതിനാൽ സൂര്യപ്രകാശം വീഴുന്ന ഭാഗം പൂർണമായി ഭൂമിക്ക് അഭിമുഖമാവണമെന്നില്ല. ഓപ്പോസിഷൻ ദിനങ്ങളിൽ ഗ്രഹങ്ങളുടെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിക്കഭിമുഖമായി വരുന്നതിനാൽ അന്ന് അത്യധിക ശോഭയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.