തിരുവനന്തപുരം: ബാർകോഴ ആരോപണത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ബാർ കോഴയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ റോജി എം. ജോൺ ആരോപിച്ചു.
നിലവിലെ ക്രൈബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. എല്ലാ തെളിവുണ്ടായിട്ടും എന്തു കൊണ്ട് കേസെടുക്കുന്നില്ല. പണം പിരിക്കുന്നത് പ്രതിപക്ഷത്തിന് വേണ്ടിയല്ല. പണപ്പിരിവ് നടത്തുന്നത് ആർക്കെന്ന് മനസിലാക്കാത്തത് എക്സൈസ് മന്ത്രിക്ക് മാത്രമാണെന്നും റോജി എം. ജോൺ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പഴയ പ്രസംഗവും റോജി എം. ജോൺ സഭയിൽ ഉദ്ധരിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീഴരുതെന്ന് റോജി ആവർത്തിച്ചു.
മദ്യനയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. മദ്യനയവുമായി ബന്ധപ്പെട്ടല്ല ചീഫ് സെക്രട്ടറി യോഗം നടത്തിയത്. ടൂറിസം ഡയറക്ടർ സംഘടിപ്പിച്ചത് പതിവ് യോഗമാണ്. മദ്യനയത്തിന്‍റെ പേരിൽ വാട്സ്ആപ്പ് വഴി അയച്ച ശബ്ദസന്ദേശം ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു. സ്പീക്കറുടെ ഇരിപ്പിടം മറച്ചാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അതിനിടെ, ബാർ കോഴയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ബാർ ഉടമ അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദ സന്ദേശം തെളിവായി എടുത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.