സ്പീക്കറല്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി; നടപടിക്രമത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: നിയമസഭയിൽ കെ.കെ. രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നല്‍കി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈകോടതി വിധി ലംഘിച്ച് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ചാണ് രമ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര-ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സര്‍ക്കാറിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

കത്ത് പൂര്‍ണരൂപത്തില്‍;

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈകോടതി വിധി ലംഘിച്ച് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 50 പ്രകാരം ശ്രീമതി കെ. കെ. രമ, ശ്രീ. ഐ. സി. ബാലകൃഷ്ണന്‍, ശ്രീ. മോന്‍സ് ജോസഫ്, ശ്രീ. അനൂപ് ജേക്കബ്, ശ്രീ. മാണി സി. കാപ്പന്‍ എന്നീ പ്രതിപക്ഷ സാമാജികര്‍ 25.06.24നു നല്‍കിയ ഉപക്ഷേപ നോട്ടീസിനു ചട്ടം 52(ഢ) പ്രകാരം അനുമതി നിഷേധിച്ചതിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ചട്ടം 52(V) താഴെ പറയും പ്രകാരം പരാമര്‍ശിക്കുന്നു;

'(V) പ്രമേയത്തില്‍ വാദങ്ങളോ അഭ്യൂഹങ്ങളോ, വ്യാജോക്തികളോ ആരോപണങ്ങളോ അപകീര്‍ത്തികരമായ പ്രസ്താവനകളോ ഉണ്ടായിരിക്കാന്‍ പാടില്ലാത്തതും വ്യക്തികളുടെ ഔദ്യോഗിക നിലയിലോ, പൊതുക്കാര്യ നിലയിലോ അല്ലാതെയുള്ള അവരുടെ സ്വഭാവത്തെയോ നടപടിയെയോ കുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ലാത്തതുമാകുന്നു;'

പ്രതിപക്ഷ സാമാജികര്‍ നല്‍കിയ മേല്‍പറഞ്ഞ നോട്ടീസ് ചട്ടം 52(V) ന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല എന്ന കാര്യം സുവ്യക്തമാണ്. സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച ഒരു രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട് ശിക്ഷാ ഇളവ് നല്‍കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്നു പൊതുസമൂഹത്തില്‍ ഉളവായിട്ടുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്നതിനാണ് നിയമസഭ നടപടിക്രമം അനുസരിച്ച് പ്രസ്തുത നോട്ടീസ് നല്‍കിയത്.

എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ മാധ്യമങ്ങളും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്ത പ്രസ്തുത സംഭവം അഭ്യൂഹം ആണെന്ന സര്‍ക്കാരിന്റെ അഭിപ്രായം മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധം ബഹുമാനപ്പെട്ട സ്പീക്കര്‍ തന്നെ സഭയില്‍ പറഞ്ഞുകൊണ്ട് നോട്ടീസിന് അനുമതി നിഷേധിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് സംജാതമായത്.

പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് യാതൊരു ബന്ധവും ഇല്ലെന്നിരിക്കെ, മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതിലെ അനൗചിത്യം പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയില്‍ തന്നെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നത് ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്ററി മര്യാദകളുടെ ഭാഗമായി ബഹുമാനപ്പെട്ട സ്പീക്കറുടെ റൂളിങ്ങിനെ അംഗീകരിക്കുമ്പോളും ന്യായമായ പ്രതിപക്ഷ അവകാശങ്ങള്‍ തൊടു ന്യായങ്ങള്‍ പറഞ്ഞ് തുടര്‍ച്ചയായി നിഷേധിക്കപ്പെടുന്നതിലുള്ള ശക്തമായ പ്രതിഷേധം താങ്കളെ അറിയിക്കുന്നു. പ്രതിപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സ്പീക്കറുടെ ഉത്തരവാദിത്തം മാതൃകാപരമായി നിറവേറ്റിക്കൊണ്ട് പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നോട്ടീസില്‍ പരാമര്‍ശിച്ച വിഷയം വ്യാജോക്തിയല്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ നടപടികള്‍ സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് കൂടി താങ്കളുടെ അറിവിലേക്കായി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

Tags:    
News Summary - Opposition leader's letter pointing out the impropriety in the procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.