ചെറുതോണി: ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ടിവന്നാൽ സുരക്ഷയൊരുക്കുന്നതിനായി ദേശീയ ദുരന്ത സേനയുടെ ഒരു സംഘം െചന്നൈ ആറക്കോണത്തുനിന്ന് ഇടുക്കിയിലെത്തി. ക്യാപ്റ്റൻ പി.കെ. മീനയുടെ നേതൃത്വത്തിൽ ഏഴു മലയാളികളടങ്ങുന്ന 46അംഗ സംഘമാണ് എത്തിയത്. ഏതുസാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ചവരാണിവർ. പൈനാവ് ഗവ. യു.പി ജില്ല സ്കൂളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ഇതുകൂടാതെ ആലുപ്പുഴയിലും തൃശൂരും ഓരോ സംഘം കൂടി എത്തിയിട്ടുണ്ട്. ഫൈബർ ബോട്ട്, ലൈഫ് ജാക്കറ്റ്, വലിയ മരങ്ങൾവരെ മുറിക്കുന്നതിനാവശ്യമായ കട്ടർ, വടം, ഐ.ആർ.ബി ബോട്ട്, ഒ.ബി.എം ബോട്ട് എന്നിവയും കൊണ്ടുവന്നിട്ടുണ്ട്. കലക്ടറുടെ നിർദേശാനുസരണം ആവശ്യമായ ക്രമീകരണം നടത്തുമെന്ന് ടീം ക്യാപ്റ്റൻ പറഞ്ഞു.
ശബരിഗിരി പദ്ധതി: സംഭരണികളിൽ 92.32 ശതമാനം ജലം
ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ജലസംഭരണികളിൽ വൻതോതിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു. പദ്ധതി പ്രദേശത്ത് രണ്ടുദിവസമായി മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചെറിയ മഴയിൽ ഓരോ ദിവസവും ജലനിരപ്പ് ഉയരുകയാണ്. തിങ്കളാഴ്ചത്തെ ജലം 92.32 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം വെറും 21.01 ശതമാനം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ വർഷത്തെക്കാളും 72 ശതമാനം വർധനയാണ്. തിങ്കളാഴ്ച പമ്പയിൽ 21 മില്ലിമീറ്ററും കക്കിയിൽ 16 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്.
പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 979.63 മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 984. 05 മീറ്ററുമാണ് ജലനിരപ്പ്. മൂഴിയാർ ശബരിഗിരി പവർ ഹൗസിലെ ആറ് ജനറേറ്ററുകളിൽ നാലെണ്ണം പീക് ലോഡ് സമയത്ത് ആവശ്യാനുസരണം പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്.
അഞ്ചാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്ക് മാറ്റിയിരിക്കുകയാണ്. നാലാം നമ്പർ ജനറേറ്റർ ബ്രേക്ക് ഡൗൺ ആയി. പ്രതിദിനം ശരാശരി 5.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിലും ജലനിരപ്പ് ഉയരാനാണ് സാധ്യത.
ചെറുതോണി പാലത്തിനടിയിലെ തടസ്സങ്ങൾ നീക്കിത്തുടങ്ങി
ചെറുതോണി: അണെക്കട്ട് തുറന്നാൽ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ, ചെറുതോണി പാലത്തിനടിയിൽ വർഷങ്ങളായി അടിഞ്ഞുകിടക്കുന്ന ചളിയും കല്ലും നീക്കിത്തുടങ്ങി. വർഷങ്ങളായി പാലം നന്നാക്കാത്തതിനാൽ അടിയിലെ ദ്വാരങ്ങൾ അടഞ്ഞുകിടക്കുകയാണ്. 1992ൽ ഡാം തുറന്നപ്പോൾ അന്നത്തെ ജനപ്രതിനിധികൾ പുതിയ പാലം നിർമിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ, പലരും മാറി ഭരിച്ചെങ്കിലും ചെറുതോണി പാലത്തിനുമാത്രം മാറ്റമുണ്ടായില്ല. ചെറുതോണിയിൽനിന്ന് കട്ടപ്പനയിലെത്തണമെങ്കിൽ ഈ പാലം വഴി സഞ്ചരിക്കണം.
വർഷങ്ങൾക്കുമുമ്പ് ഡാം നിർമിച്ചപ്പോൾ ഉണ്ടാക്കിയ ചപ്പാത്തുപോലുള്ള പാലത്തിന് കൈവരികളില്ല. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ പലതവണയുണ്ടായി. അഞ്ചോളം പേർ മരിച്ചു. ഇപ്പോൾ ഡാം തുറന്നാൽ ചെറുതോണി പാലം വെള്ളത്തിനടിയിലാകും. വെള്ളം കവിഞ്ഞൊഴുകി നാശനഷ്ടങ്ങളുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.