തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ ഡോ. കെ.എം. എബ്രഹാമിനെ നിയമിച്ചു. കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് അദ്ദേഹം തുടരും. കിഫ്ബിയുടെ അഡിഷനൽ സി.ഇ.ഒയായി സത്യജിത് രാജനെ നിയമിക്കും. നേരത്തേ കെ.എം. എബ്രഹാം പേഴ്സനൽ സ്റ്റാഫിലേക്ക് വരുന്നെന്ന വാർത്തകൾ മുഖ്യമന്ത്രി തള്ളിയിരുന്നു.
മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിധേയനായ സി.എം. രവീന്ദ്രനെ നിലനിർത്തി. എൻ. പ്രഭാവർമ - മുഖ്യമന്ത്രിയുടെ സെക്രട്ടറി-(മീഡിയ), പി.എം. മനോജ് - പ്രസ് സെക്രട്ടറി, അഡ്വ. എ. രാജശേഖരൻ നായർ (സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി) എന്നിവരും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായി സി.എം. രവീന്ദ്രൻ, പി. ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരും തുടരും.
ശാസ്ത്ര ഉപദേശകനായിരുന്ന എം.സി. ദത്തൻ, മെൻറർ, സയൻസ് ആയി തുടരും. മറ്റ് ഉപദേശകരെ ഇതുവരെ നിയമിച്ചിട്ടില്ല. അസി. പ്രൈവറ്റ് സെക്രട്ടറിമാരായി എ. സതീഷ് കുമാർ, സാമുവൽ ഫിലിപ് മാത്യു എന്നിവരെയും പേഴ്സനൽ അസിസ്റ്റൻറായി വി.എം. സുനീഷ്, അഡീഷനൽ പി.എയായി ജി.കെ. ബാലാജി എന്നിവരെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.