ഭൂമിയേറ്റെടുക്കാൻ ഉത്തരവ്; ശബരി വിമാനത്താവളം പ്രതീക്ഷച്ചിറകിൽ

തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകി റവന്യൂവകുപ്പ് ഉത്തരവ്. ചെറുവള്ളി എസ്റ്റേറ്റ് അടക്കം ആകെ 2570 ഏക്കർ (1039.876 ഹെക്ടർ) ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഈ ഭൂമിയുള്ളത്.

എരുമേലി സൗത്ത് വില്ലേജിൽ ബ്ലോക്ക് നമ്പർ 22, 23 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ടവയും മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 19, 21 ഭൂമിയുമാണ് വിമാനത്താവളത്തിന് കണ്ടെത്തിയിട്ടുള്ളത്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതൽ സ്ഥലം ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കലിന് മുമ്പ് സാമൂഹിക ആഘാതപഠനം നടത്തും. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ നടപടികൾ പൂർത്തിയാക്കൂ. ഇക്കാര്യം ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് സാമൂഹികാഘാത പഠനം. ഈ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കും. ഒപ്പം കണ്ടെത്തിയ സ്ഥലം യോഗ്യമാണെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കൂ. 3500 മീറ്റര്‍ നീളമുള്ള റൺവേ അടക്കം മാസ്റ്റര്‍ പ്ലാൻ അംഗീകരിച്ചിട്ടുണ്ട്.

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ ആദ്യം ഉത്തരവിറങ്ങിയത് 2020 ജൂണിലാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ രണ്ടു കോടി വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാർലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.

അമേരിക്കയിലെ ലൂയി ബർഗർ കൺസൾട്ടൻസിയും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും (കെ.എസ്.ഐ.ഡി.സി) ചേർന്നാണ് സാങ്കേതികസാധ്യത പഠനറിപ്പോർട്ട് തയാറാക്കിയത്. 2263 ഏക്കർ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തേ ഡി.പി.ആർ പദ്ധതി തയാറാക്കിയത്. അതേസമയം, ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.

Tags:    
News Summary - Order to acquire land; Sabari Airport is beyond expectations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.