തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി ആറു പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്‍റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്‍റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബാംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകീര്‍ത്തിച്ചു. മറ്റുള്ളവരിലൂടെ ആല്‍ബിന്‍ പോള്‍ ജീവിക്കുമെന്നും മന്ത്രി പറഞ്ഞു.
ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും കൂടി ഈ മാസം 18ന് രാവിലെ 3.15ന് നെടുമ്പാശേരി എയര്‍പോട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരവെ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൊട്ടടത്തുള്ള അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലുള്ളവര്‍ വിളിച്ച് പറഞ്ഞാണ് വീട്ടുകാര്‍ അപകടത്തെപ്പറ്റി അറിഞ്ഞത്. പിതാവ് പൗലോസ് ആശുപത്രിയിലെത്തുമ്പോള്‍ രണ്ട് മക്കളും ഐസിയുവില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു. സഹോദരന്‍ ഭേദമായി ആശുപത്രി വിട്ടു. എന്നാല്‍ ആല്‍ബിന്‍റെ അവസ്ഥ ഗുരുതരമായി കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്‍റെ മഹത്വമറിയാവുന്ന പിതാവ് പൗലോസ് അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
ഗള്‍ഫിലായിരുന്ന ആല്‍ബിന്‍ പോള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി എസ്.സി.ടി. ഫെഡറേഷനില്‍ ബിസിനസ് ഡെവലപ്‌മെന്‍റ് എക്‌സിക്യുട്ടീവായി താത്ക്കാലികമായി ജോലി നോക്കുകയായിരുന്നു. ആല്‍ബിന്‍ വിവാഹിതനായിട്ട് 2 വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഭാര്യ എയ്ഞ്ചല്‍. 4 മാസം പ്രായമായ കുഞ്ഞുമുണ്ട്. മാതാവ് ബീന.
സംസ്ഥാനത്ത് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ ആല്‍ബിന്‍ പോളിന്‍റെ ഹൃദയവുമായി ചേര്‍ച്ചയില്ലാത്തതിനാല്‍ സംസ്ഥാനം കടന്നുള്ള അവയവദാനത്തിനാണ് വേദിയായത്. ഇക്കാര്യം ദേശീയ അവയദാന ഓഗനൈസേഷനെ രേഖാമൂലം അറിയിച്ചു. അവര്‍ റീജിയണല്‍ ഓര്‍ഗണ്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്റേഷന്‍ ഓഗനൈസേഷനെ അറിയിച്ചു. അവരാണ് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം അനുവദിച്ചത്. വിമാന മാര്‍ഗമാണ് ചെന്നൈയിലേക്ക് ഹൃദയം കൊണ്ട് പോകുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കുന്നത്.
സംസ്ഥാനം കടന്നുള്ള അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കി. മുഖ്യമന്ത്രിയുമായി മന്ത്രി സംസാരിച്ചാണ് യാത്ര സുഗമമാക്കിയത്. പോലീസിന്‍റെ സഹായത്തോടെ ആശുപത്രി മുതല്‍ എയര്‍പോര്‍ട്ടുവരെയും, ആശുപത്രി മുതല്‍ മറ്റാശുപത്രികള്‍ വരെയും ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവദാന പ്രക്രിയ നടത്തിയത്. കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാന പ്രക്രിയ പൂര്‍ത്തീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.