നെടുമ്പാശ്ശേരി: അവയവക്കടത്ത് കേസിൽ പ്രതിയായ തൃശൂർ സ്വദേശി സാബിത് നാസറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. അങ്കമാലി കോടതിയാണ് 12 ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. റൂറൽ എസ്.പിയുടെ തേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയ ചില വിവരങ്ങൾ കളവായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഇയാളുടെ കൊച്ചിയിലുള്ള ഒരു സുഹൃത്തിന്റെ മൊഴിയെടുത്തിരുന്നു. സുഹൃത്തിന് അവയവക്കടത്തുമായി ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല.
കേരളത്തിൽനിന്ന് കൂടുതൽപേരെ ഇയാൾ അവയവദാനത്തിന് കൊണ്ടുപോയിട്ടുണ്ടെന്നാണ് സൂചന. അതുപോലെ അവയവദാനത്തിന് സന്നദ്ധരാകുന്നവരെ കണ്ടെത്താൻ ചില ഏജൻറുമാരെയും നിയോഗിച്ചിരുന്നു. ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു സ്ത്രീയിലേക്കും അന്വേഷണം നീളുന്നുണ്ട്.
സാബിത്തിന് നിരവധി ബാങ്ക് അക്കൗണ്ടുണ്ട്. ഇത് താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാനിലേക്ക് മാത്രമല്ല സിംഗപ്പൂരിലേക്കും ആളുകളെ കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഇറാനിലേക്ക് കടത്തിയെന്ന് പറയുന്ന പാലക്കാട് സ്വദേശി വിദേശത്താണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും ഏജൻറായിരുന്നുവോയെന്ന സംശയവും പൊലീസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.