മലപ്പുറം: വിവാദ മരംമുറി നടന്നത് യു. അബ്ദുൽ കരീം എസ്.പിയായിരുന്നപ്പോഴാണെന്ന് മൊഴി നൽകാൻ പൊലീസുകാർ നിർബന്ധിച്ചതായി മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫിസിന് സമീപത്ത് താമസിക്കുന്ന പി.പി. ഫരീദയുടെ വെളിപ്പെടുത്തൽ. ക്യാമ്പ് ഓഫിസ് ഡ്യൂട്ടിയിലുള്ള ഗാർഡാണ് കഴിഞ്ഞദിവസം ഇങ്ങനെ പറയാൻ ആവശ്യപ്പെട്ടത്. സുജിത് ദാസ് എസ്.പിയായിരുന്നപ്പോഴാണ് മരംമുറിച്ചതെന്ന് തനിക്ക് ബോധ്യമുണ്ട്. അതിനാൽ, യു. അബ്ദുൽ കരീമിൽ കുറ്റം ചാർത്താൻ താൻ കൂട്ടുനിൽക്കില്ല. ആരു ചോദിച്ചാലും സത്യസന്ധമായി മാത്രമേ മൊഴി നൽകുകയുള്ളൂവെന്നും ഫരീദ ‘മാധ്യമ’ത്തോട് പറഞ്ഞു.
വീടിന് ഭീഷണിയായ മരം മുറിക്കണമെന്നാവശ്യപ്പെട്ട് താൻ മുൻ എസ്.പി യു. അബ്ദുൽ കരീമിന്റെ കാലത്ത് അപേക്ഷ സമർപ്പിച്ചിരുന്നു. അന്ന് ചില്ലകൾ മാത്രമാണ് വെട്ടിത്തന്നത്. സുജിത് ദാസ് എസ്.പിയായി വന്നശേഷമാണ് മരങ്ങൾ മുറിച്ചുനീക്കിയത്. അന്ന്, താൻ പ്രത്യേകം അപേക്ഷ നൽകിയിരുന്നില്ല. തേക്കും മഹാഗണിയും മാത്രമല്ല മുറിച്ചത്, ഏഴ് വലിയ മരങ്ങളും രണ്ട് ചെറിയ മരങ്ങളും മുറിച്ചിട്ടുണ്ട്. നല്ല വണ്ണവും നീളവുമുള്ളതായിരുന്നു തേക്ക്. മുറിച്ചിട്ട തേക്ക് ആഴ്ചകളോളം ക്യാമ്പ് ഹൗസിൽ കിടന്നിരുന്നു. മരം മുറിച്ച ശേഷമാണ് വളപ്പിന്റെ മതിലിന് മുകളിൽ ഷീറ്റ് വെച്ച് മറച്ചത്.
സമീപ വീടുകളിൽനിന്ന് കാണാത്ത വിധമാണ് മറച്ചത്. മരം മുറിച്ച ശേഷം ടിപ്പറിൽ മണ്ണ് കൊണ്ടുവന്ന് നിരത്തിയിരുന്നു. മരംമുറി നടന്ന ശേഷമാണ് ഒരു പൊലീസുകാരൻ മരം വീടിന് ഭീഷണിയാണെന്ന് തന്നോട് എഴുതിവാങ്ങിയത്. എസ്.പി എസ്. സുജിത് ദാസിന്റെ നിർദേശപ്രകാരമാണ് അപേക്ഷ എഴുതിവാങ്ങുന്നതെന്ന് അന്ന് പൊലീസുകാരൻ പറഞ്ഞിരുന്നു. യു. അബ്ദുൽ കരീമിനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് തോന്നിയതിനാലാണ് താൻ ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഫരീദ കൂട്ടിച്ചേർത്തു.
മലപ്പുറം: എസ്.പിയുടെ ക്യാമ്പ് ഓഫിസ് കോമ്പൗണ്ടിലെ മരംമുറി സംബന്ധിച്ച രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖകൾ കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മുൻ മലപ്പുറം എസ്.പി യു. അബ്ദുൽ കരീം. ഇതിനുമുമ്പും തന്റെ പേര് പറഞ്ഞിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ല. ഡിപ്പാർട്മെന്റിന് നാണക്കേട് വരുത്തേണ്ടെന്ന് കരുതി. എന്നാൽ, ഇപ്പോൾ ക്യാമ്പ് ഹൗസിന് സമീപമുള്ള ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ, ഈ സംഭവത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണ്.
താൻ എസ്.പി ആയിരുന്നപ്പോഴുള്ളവരും അതിനുശേഷം വന്നവരും ക്യാമ്പ് ഓഫിസിൽ ഡ്യൂട്ടിയിലുണ്ട്. രേഖകളിൽ എന്തെല്ലാമാണുള്ളതെന്ന് പരിശോധിച്ച ശേഷമേ അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂ. അതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്. ഒരു മാസത്തിനു മുമ്പുതന്നെ വിവരം ലഭിക്കാൻ നിയമപരമായ വഴികളുണ്ടെന്നും യു. അബ്ദുൽ കരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.