ഹേമ കമ്മിറ്റി റിപ്പോർട്ട് സ്ത്രീകളുടെ ശബ്ദം; നീതിക്കുവേണ്ടിയുള്ള പോരാട്ടം ശരിയാണെന്ന്‌ തെളിഞ്ഞു -ഡബ്ല്യു.സി.സി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സ്‌ത്രീകളുടെ ശബ്‌ദമാണെന്നും തീർച്ചയായും കേൾക്കണമെന്നും വിമൻ ഇൻ-സിനിമ കലക്‌ടിവ്‌. സിനിമയിൽ മാന്യമായ ഒരു തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും നീതിക്കുവേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. ഇന്ന് അതു ശരിയാണെന്ന്‌ തെളിഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഡബ്ല്യു.സി.സിയുടെ അടുത്ത ചുവടുവെപ്പാണ്‌. സിനിമ വ്യവസായത്തിൽ ലിംഗഭേദം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്‍റെ റിപ്പോർട്ട് സിനിമ ചരിത്രത്തിൽ ഇതാദ്യമാണ്. - ഡബ്ല്യു.സി.സി സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘‘മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനുമുള്ള ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. എന്നാൽ, നക്ഷത്രങ്ങൾ മിന്നിമറയുകയോ ചന്ദ്രൻ മനോഹരമായി കാണപ്പെടുകയോ ചെയ്യുന്നില്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. അതിനാൽ പഠനം നൽകുന്ന മുന്നറിയിപ്പ്‌ ഇതാണ്: നിങ്ങൾ കാണുന്നത് വിശ്വസിക്കരുത്, ഉപ്പും കാണാൻ പഞ്ചസാര പോലെയാണ്” എന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ മുഖവുരയോടെയാണ്‌ ഡബ്ല്യു.സി.സിയുടെ കുറിപ്പ്‌.

ശിപാർശകൾ പഠിച്ച് നടപടിയെടുക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനൊപ്പം മാധ്യമങ്ങളോടും വനിതാ കമീഷനോടും കേരളത്തിലെ ജനങ്ങളോടും വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടർനടപടികൾക്കും പിന്തുണക്കും വിമൻ-ഇൻ സിനിമ കലക്ടിവ് നന്ദി പറഞ്ഞിട്ടുണ്ട്‌.

Tags:    
News Summary - Our fight for justice proved right - WCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.