ചാർജ് വർധിപ്പിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരമെന്ന് സ്വകാര്യബസുടുമകൾ

കൊച്ചി: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ. സംസ്ഥാനത്തെ ചെറുതും വലുതുമായ 12 സംഘടനകളുടെ പ്രതിനിധികളടങ്ങുന്ന സംഘം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. ഒപ്പം മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ നിരക്ക് നിശ്ചയിക്കണമെന്നുമാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് ആറുരൂപയാക്കി ഉയര്‍ത്തിയില്ലെങ്കില്‍ 21മുതല്‍ നിരത്തുകളില്‍നിന്ന് ബസുകള്‍ പിന്‍വലിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാത്ത ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ല.

സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ എട്ട് ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനമാകാത്ത സാഹചര്യം ഉണ്ടായാല്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാതെ വഴിയില്ല. കഴിഞ്ഞ ഒമ്പതുമുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും എട്ടിന് ഗതാഗതമന്ത്രി ചര്‍ച്ചക്ക് വിളിച്ച് 18നുള്ളില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അന്ന് സമരം മാറ്റിവെച്ചത്. എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസുകള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.

ഡീസൽ വില വര്‍ധന കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനോ ബസുകള്‍ അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത സ്ഥിതിയാണ്. കോവിഡ് കാലത്തെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ പ്രഖ്യാപിച്ച കാലത്തെ നിരക്ക് തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ പോലും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ്, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Owners call bus strike from 21; The need to increase student rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.