എ.കെ.ജി സെന്റർ ആക്രമണം: സാക്ഷികൾക്ക് സമൻസ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്വകാര്യ ഹരജിയിലെ സാക്ഷികൾക്ക് സമൻസ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.കെ.ജി സെന്‍റർ ഓഫിസ് സെക്രട്ടറി ബിജു ഉൾപ്പെട്ടവർക്കാണ് സമൻസ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റേതാണ് ഉത്തരവ്. നേരത്തെ മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയ നടപടി ശരിയല്ലെന്നും വീണ്ടും പരിഗണിക്കണമെന്നും ജില്ല കോടതി നിർദേശപ്രകാരമാണ് ഹരജി വീണ്ടും പരിഗണിച്ചത്.

2022 ജൂണ്‍ 30ന് രാത്രി 11.45ന് എ.കെ.ജി സെന്ററിന് നേരെയുണ്ടായ പടക്കമേറില്‍ വന്‍ സ്‌ഫോടന ശബ്ദമാണ് കേട്ടതെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെയും മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെയും പ്രസ്താവനകള്‍ കലാപ ആഹ്വാനമാണെന്നും അതിനെതിരെ കേസെടുക്കണമെന്നുമുള്ള സ്വകാര്യ ഹരജിയാണ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നത്. ഇതിനെതിരെയാണ് കണിയാപുരം സ്വദേശി നവാസ് ജില്ല കോടതിയെ സമീപിച്ചത്. ഹരജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ജില്ല കോടതി നിർദേശം. സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹരജി തള്ളിയ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഹരജിക്കാരന് വേണ്ടി ശേഖർ ജി. തമ്പി ഹാജരായി.

Tags:    
News Summary - AKG Center Attack: Witnesses Summoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.