നാടിനെ മതത്തിന്റെ പേരിൽ വിഭജിക്കാൻ പദ്ധതിയിട്ടിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി -പി. ജയരാജൻ

കണ്ണൂർ: സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പി​ലെന്ന് സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ. ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫീ എന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

വടകരയിൽ തെരഞ്ഞെടുപ്പ് ദിവസവും തലേന്നും ചൂടുപിടിച്ച വ്യാജ വർഗീയപ്രചാരണങ്ങൾ നടന്നതിനെതിരെ ഷാഫി രംഗത്തുവന്നിരുന്നു. തന്റെ പേരിലും യു.ഡി.എഫിന്റെ പേരിലും വ്യാജ സ്ക്രീൻ ഷോട്ട് പടച്ചുവിട്ടാണ് പ്രചാരണം നടത്തുന്നതെന്നും ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോധ്യപ്പെട്ടപ്പോൾ ഡിലീറ്റ് ചെയ്തുവെന്നും ഇന്നലെ ഷാഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ‘എന്റെ പൊതുജീവിതത്തിൽ എവിടെയാണ് വർഗീയതയോട് ചേർന്ന് നിൽക്കുന്നയാളാണ് ബോധ്യപ്പെട്ടിട്ടുള്ളത്. എന്റെ വാക്കിലോ, പ്രവൃത്തിയിലോ എനിക്കൊരു മതത്തിന്റെ പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ. വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവമല്ല’ -എന്നായിരുന്നു ഷാഫി പറഞ്ഞത്.

എന്നാൽ, പോളിങ് തീരുന്ന സമയം വരെ എന്തുകൊണ്ടാണ് ഇതൊന്നും പറയാതിരുന്നതെന്ന് ജയരാജൻ ചോദിച്ചു. ‘അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിൽ. എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ല. വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കും’ -ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാൻ പറയുന്നത്. പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്?

ശൈലജ ടീച്ചർ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ? ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി.തെരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോൽക്കും. പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്. ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.

മൂന്ന് തവണ എംഎൽഎ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു.

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിൽ...

നിങ്ങൾ നടത്തിയ വർഗ്ഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ല. വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കും.

Tags:    
News Summary - P jayarajan against shafi parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.