പി. ജയരാജനെ സി.പി.എം ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന്​ നീക്കിയത് ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം -എന്‍. സുബ്രഹ്​മണ്യന്‍

കോഴിക്കോട്: പി. ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്​ഥാനത്തുനിന്ന്​  മാറ്റിയത് ആര്‍. എസ്.എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്ന്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്​മണ്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മി​ന്‍റെ മാധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്​ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിനുശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റണമെന്ന നിര്‍ദേശം ആര്‍.എസ്.എസ് മുന്നോട്ടുവെച്ചു.

ജയരാജന്‍ ജില്ലയില്‍ സി.പി.എമ്മി​ന്‍റെ തലപ്പത്ത്​ തുടരുന്നിടത്തോളം സമാധാനം ഉണ്ടാക്കാനാകില്ലെന്ന്​ നേതാക്കള്‍ ചൂണ്ടിക്കാട്ടി. അത് അംഗീകരിച്ച പിണറായിയും കോടിയേരിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സീറ്റ് നല്‍കി ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന്​ മാറ്റാന്‍ പദ്ധതി തയാറാക്കി.

ആര്‍.എസ്.എസ് നേതാക്കളുമായി ത​ന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായിയും സി.പി.എം നേതാക്കളും ചര്‍ച്ച നടത്തിയതായി ശ്രീ എം സ്ഥിരീകരിച്ചതോടെ ഇതേക്കുറിച്ച് നടത്തിയ വെല്ലുവിളി പിന്‍വലിച്ച്​ മാപ്പ് പറയാന്‍ എം.വി. ഗോവിന്ദന്‍ തയാറാകണം. ശ്രീ എം ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച പിണറായി വിജയന്‍ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിലാപം കേള്‍ക്കുന്നില്ലെന്നും സുബ്രഹ്​മണ്യന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Tags:    
News Summary - P. Jayarajan was removed from the post of CPM district secretary on the instructions of the RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.