പി. കേശവദേവ് സാഹിത്യ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണന്

തിരുവനന്തപുരം : പി. കേശവദേവ് സാഹിത്യ പുരസ്‌കാരം തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ അടൂർ ഗോപാലകൃഷ്ണനും പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി) പ്രശസ്‌ത മനഃശാസ്ത്രജ്ഞൻ, ഡോ.സി ജെ ജോണിനും നൽകുമെന്ന് സാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ. ജോർജ് ഓണക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ്ഇരു പുരസ്കാരവും. ജൂൺ 12 ന് വൈകീട്ട് തിരുവനന്തപുരം മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നിൽക്കുന്ന അതുല്യപ്രതിഭയാണ് ശ്രീ.അടൂർ ഗോപാലകൃഷ്ണൻ. പതിനൊന്ന് ഫീച്ചർ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെൻ്ററികളും അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രമായ 'സ്വയംവര'ത്തിലൂടെ അദ്ദേഹം 1970-കളിൽ മലയാളചലച്ചിത്ര രംഗത്തിൽ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, അനന്തരം, വിധേയൻ, കഥാപുരുഷൻ എന്നിവ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്.

മനഃശാസ്ത്ര വിഷയത്തിൽ, വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി ആരോഗ്യവിദ്യാഭ്യാസം വർഷങ്ങളായി നൽകി തുടർന്നുവരുന്നതിനാണ് ഈ പുരസ്‌കാരം. ക്ലിനിക്കൽ സൈക്യാട്രിയിൽ നാൽപ്പതു വർഷത്തെ അനുഭവപാടവമുള്ള ഡോ.സി ജെ ജോൺ നിലവിൽ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ്. ഒമ്പത് പുസ്തകങ്ങളും വിവിധ ജേണലുകളിൽ നിരവധി ശാസ്ത്ര ലേഖനങ്ങളും അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊമ്പതു വർഷങ്ങളായി കൊച്ചിയിലെ 'മൈത്രി' എന്ന ആത്മഹത്യാ പ്രതിരോധ എൻജിഒ-യുടെ സ്ഥാപകനും ഉപദേശകനുമാണ് അദ്ദേഹം.

ജൂൺ 12 ന് വൈകീട്ട് തിരുവനന്തപുരം മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ്, മാനേജിങ് ട്രസ്റ്റി, ഡോ.ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ജോർജ് ഓണക്കൂർ, ആരോഗ്യ-വിദ്യാഭ്യാസ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ. ബാലഗോപാൽ പി.ജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - P. Kesavadev Literary Award to Adoor Gopalakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.