മൂലേപ്പാടം ദേശീയപാതയിലെ പുഷ് ത്രൂ കൽവെർട്ട് നി൪മാണം ഉട൯ ആരംഭിക്കുമെന്ന് പി. രാജീവ്

കൊച്ചി: കളമശ്ശേരി മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയപാത അതോറിറ്റിയുടെ പുഷ് ത്രൂ കൽവെർട്ട് നിർമാണം ഉടനാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി മന്ത്രി സ്ഥലം സന്ദ൪ശിച്ചു. കഴിഞ്ഞ മുപ്പത് വ൪ഷത്തിലധികമായി നിലനിൽക്കുന്ന മൂലേപ്പാടത്തെ വെള്ളക്കെട്ടിന് ശാസ്ത്രീയ പരിഹാരം കാണാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവ൪ത്തനങ്ങൾ പൂ൪ത്തീകരിച്ചു. തുട൪ന്നാണ് ദേശീയപാത അതോറിറ്റി ഒരു പുഷ് ത്രൂ കൽവെ൪ട്ട് നി൪മിക്കുകയാണ്. മൂന്ന് സ്ഥലങ്ങളിൽ അതോറിറ്റി നി൪മിക്കുന്ന കൽവെ൪ട്ടുകളിൽ ആദ്യത്തേത്താണിത്. ടെ൯ഡ൪ അവാ൪ഡ് ചെയ്ത് കരാ൪ ഒപ്പുവെച്ചു. കൽവെ൪ട്ടിനുള്ള പ്രത്യേക ഡിസൈ൯ തയാറാക്കി വരികയാണ്. ഡിസൈ൯ അടിസ്ഥാനമാക്കിയുള്ള മെഷീനറികൾ ഇവിടെയെത്തും.

ഉട൯ തന്നെ നി൪മാണം തുടങ്ങും. ആറുമാസത്തിനുള്ളിൽ കൽവെ൪ട്ട് പൂ൪ത്തീകരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനു ശേഷം റെയിൽവേയുടെ കൽവെ൪ട്ടും നി൪മ്മിക്കേണ്ടതുണ്ട്. ഇതിന് റെയിൽവേയുടെ അനുമതി ലഭിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയപാതയുടെ കൽവെ൪ട്ട് പൂ൪ത്തിയാകുന്നതോടെ റെയിൽവേ ലൈനുകളിലേക്കും വെള്ളമെത്തും എന്ന് മനസിലാക്കി അനുമതി വേഗത്തിൽ റെയിൽവേ ലഭ്യമാക്കുമെന്നാണ് കരുതുന്നത്. അതോടൊപ്പം സാലീസ് റോഡ്, മൂലേപ്പാടത്ത് നേരത്തേയുണ്ടായിരുന്ന തോട് എന്നിവ പുനസ്ഥാപിക്കുന്നതിനായി പ്രദേശത്ത് സ൪വേ ഒരു ഭാഗം പൂ൪ത്തിയായി. മറുഭാഗത്തും സ൪വേ നടത്തും.

മൂലേപ്പാടം റോഡിലെ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് റവന്യൂ വിഭാഗം സർവേയിലൂടെ കണ്ടെത്തിയ സാലീസ് തോട്ടിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു. റവന്യൂ വകുപ്പ് കല്ലിടൽ പൂർത്തിയാക്കിയിട്ടുണ്ട്. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നഗരസഭ തുടർ നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കും. എല്ലാവരും ചേ൪ന്ന് സമവായമുണ്ടാക്കി പ്രവ൪ത്തനം മുന്നോട്ട് കൊണ്ടുപോകാ൯ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

3.5 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത അതോറിറ്റി പുഷ് ത്രൂ കൽവെർട്ട് നിർമ്മിക്കുന്നത്. ദേശീയപാത അതോറിറ്റി, റെയിൽവേ, കൊച്ചി മെട്രോ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയാണ് കൽവെർട്ട് നിർമാണത്തിനുള്ള പദ്ധതി ആവിഷ്കരിച്ചത്.

മൂലേപ്പാടം വെള്ളക്കെട്ട് നിവാരണത്തിനായി ജില്ലാ ഭരണ കേന്ദ്രം, ദേശീയപാത അതോറിറ്റി, റെയിൽവേ, പൊതുമരാമത്ത്, റവന്യൂ വകുപ്പുകൾ, നഗരസഭ എന്നിവയെ കോർത്തിണക്കിയാണ് സമഗ്ര പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഭാഗമായി മൂലേപ്പാടം നഗറിലെ നവീകരിച്ച ബൈ ലൈൻ റോഡിന്റേയും പുതുക്കിപ്പണിത കലുങ്കിന്റേയും നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരത്തേ പൂർത്തിയാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതക്ക് മറുഭാഗത്തേക്ക് കടത്തിവിടുന്നതിനാണ് പുഷ് ത്രൂ കൽവെർട്ട് നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - P. Rajeev said that the construction of push through culvert on Moolepadam National Highway will start immediately.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.