കളമശ്ശേരി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പി. രാജീവ്‌

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ ജൽ ജീവൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി പി. രാജീവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കളമശ്ശേരി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൽ ജീവൻ മിഷൻ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം മുടങ്ങാൻ സാധ്യതയുള്ള കളമശ്ശേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കാൻ തീരുമാനമായി.

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി യു.സി പൈപ്പ് ലൈൻ, ആലങ്ങാട് പൈപ്പ് ലൈൻ, മാഞ്ഞാലി പൈപ്പ് ലൈൻ എന്നിവിടങ്ങളിൽ പ്രവൃത്തികൾ ആരംഭിക്കുന്ന മുറയ്ക്ക് ആലങ്ങാട്, കടുങ്ങല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങും. ഈ സാഹചര്യത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യും. കുടിവെള്ളം മുടങ്ങുന്ന വാർഡുകളിലെ ജനപ്രതിനിധികൾ വ്യാപാര വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ യോഗം ചേരാൻ മന്ത്രി നിർദ്ദേശം നൽകി.

യു.സി കോളജ്- എടയാർ റോഡിലെ 950 മീറ്ററിൽ പൈപ്പിടൽ പ്രവൃത്തികൾ വേഗത്തിലാക്കാൻ നിർദേശം നൽകി. ജനുവരി 25 നകം പ്രവർത്തികൾ പൂർത്തിയാക്കി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം. ഫെബ്രുവരിയിൽ പ്രവൃത്തികൾ ആരംഭിക്കണം. റോഡിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കും. കടങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ജൽജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മുപ്പത്തടത്തെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നടക്കുന്ന പ്രവൃത്തികളുടെ ഭാഗമായി കുടിവെള്ള വിതരണം മുടങ്ങുന്ന വാർഡുകളിലും ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കും. ജനുവരി 15 നകം പൈപ്പ് ലൈനുകളിലെ കുടിവെള്ള വിതരണം നിർത്തിവച്ചു കൊണ്ടുള്ള പ്രവൃത്തികൾക്ക് തുടക്കമാകും. രണ്ട് ഘട്ടങ്ങളിലായാണ് കുടിവെള്ള വിതരണം നിർത്തിവച്ചുകൊണ്ട് പ്രവൃത്തികൾ പൂർത്തിയാക്കുക.

കരുമാലൂർ ഗ്രാമപഞ്ചായത്തിലെ പ്രവൃത്തികൾക്ക് 18 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റീ ടെഡർ നടപടികൾ പൂർത്തിയാക്കി ജനുവരി 20നകം ടെൻഡർ ഓപ്പൺ ചെയ്യും. പ്രവൃത്തികൾ വേഗത്തിൽ ആക്കുന്നതിന് ജൽജീവൻ മിഷൻ, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണം വകുപ്പ് എന്നിവർ സംയുക്തമായി പരിശോധന നടത്താൻ മന്ത്രി നിർദ്ദേശം നൽകി. കുന്നുകര ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്തതും, ടൈൽ ചെയ്ത റോഡുകളിലും പൈപ്പിടൽ ആരംഭിക്കാൻ നിർദ്ദേശം നൽകി. ഇതിനായി സംയുക്ത പരിശോധന നടത്തണം. കിഫ്‌ബിയിൽ നിന്ന് തുക അനുവദിച്ച് നടപ്പിലാക്കുന്ന കുന്നുകര കുടിവെള്ള പദ്ധതിയുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. നടപടികൾ വേഗത്തിലാക്കി പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മണ്ഡലത്തിലെ ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ യോഗം ചേരാൻ മന്ത്രി നിർദ്ദേശിച്ചു. കലക്ടർ എൻ.എസ്.കെ ഉമേഷ്, വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ സജീവ് രത്നാകരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എം ഷഫീഖ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - P. Rajiv said that Jal Jeevan Mission activities in Kalamassery constituency will be completed on time.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.