കൊച്ചി: നവകേരള സദസ് ജനങ്ങളുടെ പരിപാടിയാണെന്നും അത് ജനങ്ങള്‍ക്കായി സംഘടിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പി. രാജീവ്. നവ കേരള സദസുമായി ബന്ധപ്പെട്ട് ഇടപ്പള്ളിയില്‍ ചേര്‍ന്ന വിവിധ ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന നവ കേരള സദസ് പുതിയ സംഭവമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒന്നിലധികം മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാതല റിവ്യൂ മീറ്റിങ്, കേരളത്തിന്റെ ഉത്സവമായി സംഘടിപ്പിച്ച കേരളീയം തുടങ്ങിയവ സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.
ജനങ്ങള്‍ക്ക് അനുകൂലമായ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ മികവ് കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, സയന്‍സ് പാര്‍ക്കുകള്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കെ ഫോണ്‍, ഡിജിറ്റല്‍ ഹൈവേ, വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് ആവശ്യമായ വിവിധ പദ്ധതികള്‍ തുടങ്ങി മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്നത്.
സംസ്ഥാനത്തുണ്ടായ ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ ഏതെല്ലാം രംഗത്ത് മാറ്റങ്ങള്‍ വേണമെന്ന് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനും കൂടിയാണ് ഇത്തരം പരിപാടികള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നവ കേരള സദസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് യോഗത്തില്‍ പ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.
യോഗത്തില്‍ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ല വ്യവസായ ഓഫീസര്‍ പി.എ. നജീബ്, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രതിനിധികള്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.