പാലക്കാട്: കെ.മുരളീധരൻ സ്വന്തം താൽപര്യപ്രകാരം രാഹുൽ മാങ്കൂട്ടത്തിനായി പാലക്കാട്ടേക്ക് പ്രചാരണത്തിന് വരില്ലെന്ന് സഹോദരിയും ബി.ജെ.പി നേതാവുമായ പത്മജ വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിൽ പാലക്കാട്ടുകാർ ആരുമില്ലേ സ്ഥാനാർഥിയാക്കാനെന്നും പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവരേണ്ടതുണ്ടോയെന്നും പത്മജ ചോദിച്ചു.
"മുരളീധരൻ അമ്മക്കുട്ടിയായിരുന്നു, അമ്മയെന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ജീവനായിരുന്നു. ആ അമ്മയെ പറഞ്ഞ ആരോടും മുരളീധരൻ ക്ഷമിക്കില്ല. അത് എനിക്കറിയാം. മുരളീധരൻ കരഞ്ഞുകണ്ടത് അമ്മ മരിച്ചപ്പോൾ മാത്രമാണ്. ആച്ഛൻ മരിച്ചപ്പോൾ സ്ട്രോങ്ങായി നിന്നയാളാണ്. അത്ര അടുപ്പമുള്ളയാളാണ്. പാർട്ടി പറഞ്ഞാൽ അദ്ദേഹത്തിന് പലതും ചെയ്യേണ്ടിവരും. രാഹുൽ ജയിക്കാൻ മനസുകൊണ്ട് അദ്ദേഹം ആഗ്രഹിക്കില്ല'.- പത്മജ പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സമയത്ത് തന്നെ പത്മജ വേണുഗോപാല്‍ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കരുണാകരന്റെ കുടുംബത്തെ അപമാനിച്ചയാളല്ലാതെ മറ്റാരും കോണ്‍ഗ്രസിലില്ലേ എന്ന ചോദ്യമാണ് പത്മജ ഉയര്‍ത്തിയിരുന്നത്. അമ്മയെ അപമാനിച്ചയാള്‍ക്കു വേണ്ടി പ്രചരണത്തിന് ഇറങ്ങേണ്ട ഗതികേടിലാണ് കെ മുരളീധരന്‍ എന്ന് ബിജെപിയും വിമര്‍ശിച്ചിരുന്നു.
പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശന സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പത്മജയുടെ ഡി.എന്‍.എ പരിശോധിക്കണം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ അമ്മയെയാണ് അപമാനിച്ചതെന്ന് പത്മജ പ്രതികരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.