കൊച്ചി: പാലാ നിയമസഭ മണ്ഡലത്തിൽ തന്‍റെ വിജയം ചോദ്യംചെയ്യുന്ന തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന മാണി സി.കാപ്പൻ എം.എൽ.എയുടെ തടസ്സവാദ ഹരജി ഹൈകോടതി തള്ളി.ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനകം ഹരജി നൽകണമെന്ന ചട്ടം നിലനിൽക്കെ 70 ദിവസത്തിനുശേഷം തന്‍റെ വിജയം ചോദ്യംചെയ്ത് അഭിഭാഷകനായ സണ്ണി ജോസഫ് നൽകിയ ഹരജി തള്ളണമെന്നായിരുന്നു മാണി സി.കാപ്പന്‍റെ ആവശ്യം.
എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇളവ് തെരഞ്ഞെടുപ്പ് ഹരജികൾക്കും ബാധകമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് സി. ജയചന്ദ്രൻ ഹരജി തള്ളുകയായിരുന്നു.
നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബാധ്യത വിവരങ്ങൾ മറച്ചുവെച്ചെന്നും മതത്തിന്‍റെ പേരിൽ വോട്ടുപിടിച്ചെന്നുമാണ് തെരഞ്ഞെടുപ്പ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭാര്യയുടെ പേരിൽ 18 കോടിയിലേറെ ബാധ്യതയുള്ള കാര്യം സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല.
പാലാ ബിഷപ്പിന്‍റെയും മതത്തിന്‍റെയും പേരുപറഞ്ഞ് സമൂഹ മാധ്യമങ്ങൾ മുഖാന്തരം വോട്ടുതേടിയെന്നും എതിർസ്ഥാനാർഥിയായിരുന്ന ജോസ് കെ.മാണിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാലാ വോയ്സ് എന്നപേരിൽ പത്രം അച്ചടിച്ചിറക്കിയെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.