കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകളിൽ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കണം. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്ത് പിടിച്ചു പോകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടയാൾതന്നെ വരണമെന്ന് ഞാൻ പറയില്ല. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവർക്കും ചുമതല കൊടുത്തിരുന്നു, എനിക്കൊഴിച്ച്. അതെന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാർട്ടി വിളിക്കുമ്പോൾ പോകാമെന്ന നിലപാടിലേക്കെത്തിയത്' -അദ്ദേഹം പറഞ്ഞു.
സ്മാർട്ട് സിറ്റി പദ്ധതി നഷ്ടപ്പെടുമ്പോൾ കേരളത്തിനാണ് വലിയ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. ടീകോമിന് എന്തിനാണ് നഷ്ടപരിഹാരം കൊടുക്കുന്നത് സർക്കാർ വ്യക്തമാക്കണം. കമ്പനി കേരളത്തിനാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.