പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിവിഷയത്തിൽ പോർമുഖം തുറക്കാൻ കെ.പി.സി.സി മീഡിയ സെൽ കൺവീനർ ഡോ. പി. സരിനെ പ്രേരിപ്പിച്ചത് അവഗണിക്കപ്പെട്ടതിലെ കടുത്ത നിരാശയും ഒരു വിഭാഗം ജില്ല-സംസ്ഥാന നേതാക്കളുടെ പരോക്ഷ പിന്തുണയും. സ്ഥാനാർഥിചർച്ചകളുടെ ആദ്യഘട്ടത്തിൽതന്നെ ഉയർന്നുവന്ന പേരുകളിൽ ഒന്നായിരുന്നു ഡോ. പി. സരിന്റേത്. ജില്ലക്കാരനെന്ന പരിഗണനയിൽ സ്ഥാനാർഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ചൊവ്വാഴ്ച രാത്രി വരെ അദ്ദേഹം. ജില്ലക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥി വേണ്ടെന്ന തീരുമാനത്തിലുറച്ചുനിന്നിരുന്ന ജില്ല നേതൃത്വത്തിലെ ഭൂരിഭാഗം പേരുടെ പിന്തുണയും അവസാനഘട്ടം വരെ സരിന് ലഭിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തന്റെ പിൻഗാമിയായി ഷാഫി പറമ്പിൽ എം.പി ആദ്യംതന്നെ പ്രഖ്യാപിച്ചിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് വി.ഡി. സതീശനും ഇതിന് പിന്തുണ നൽകിയതോടെ പ്രതീക്ഷ നശിച്ച പി. സരിൻ, ദേശീയ നേതൃത്വത്തിന് ചൊവ്വാഴ്ച രാവിലെ കത്തയക്കുകയായിരുന്നു. രാത്രി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രഖ്യാപനം വന്നതോടെ പ്രതീക്ഷ കൈവിട്ട് വാർത്തസമ്മേളനം നടത്തുകയായിരുന്നു.
തദ്ദേശീയനും പാലക്കാടിന്റെ പൾസറിയുന്ന വ്യക്തിയെന്ന നിലയിലും കെ.പി.സി.സി പ്രസിഡന്റിനെ കാണാൻ ചെന്നതും അവഗണന നേരിട്ടതുമാണ് സരിനെ പ്രകോപിപ്പിച്ചതെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ഇക്കാര്യം ജില്ല നേതൃത്വവുമായും പങ്കുവെച്ചിരുന്നതായും പറയുന്നു. വാർത്തസമ്മേളനം നടത്തുകയാണെന്ന് നേതാക്കളെ അറിയിച്ചിട്ടും ഒരാൾപോലും തടഞ്ഞില്ലെന്ന് വ്യക്തമാക്കിയിരുന്നു.
2016ലാണ് ഡോ. പി. സരിൻ ആറര വർഷം നീണ്ട സിവിൽ സർവിസ് ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവിസിൽ (ഐ.എ.എ.എസ്) ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയായിരുന്നു ഇത്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി. 2021ൽ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്ഥാനാർഥിയായെങ്കിലും സി.പി.എം സ്വാധീന മേഖലയായതിനാൽ ജയിക്കാനായില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായത് മുതൽ സരിൻ ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.