പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ എന്നിവർക്കെതിരെയാണ് ബുധനാഴ്ച യു.ഡി.എഫ് റീജനൽ ജോയൻറ് ഡയറക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. മൊത്തം 18 അംഗങ്ങൾ ഒപ്പിട്ടു. കോൺഗ്രസ് -13, മുസ്ലിം ലീഗ് -മൂന്ന്, വെൽഫെയർ പാർട്ടി -ഒന്ന് എന്നിവരാണ് നോട്ടീസിൽ ഒപ്പിട്ടത്. നോട്ടീസ് ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ യോഗം വിളിക്കണമെന്നാണ് ചട്ടം.
നവംബർ ഏഴിനുള്ളിൽ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. നേരേത്ത, ആരോഗ്യമൊഴിച്ച് എല്ലാ സ്ഥിരംസമിതിയിലും സി.പി.എം പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയിരുന്നു. ചെയർപേഴ്സനെതിരെയും വൈസ് ചെയർമാനെതിരെയുമുള്ള അവിശ്വാസ പ്രമേയത്തെ സി.പി.എം പിന്തുണക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മൊത്തം 52 കൗൺസിലർമാരിൽ 24 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. പ്രതിപക്ഷമൊരുമിച്ചാൽ അവിശ്വാസ പ്രമേയം പാസാക്കാം.
അവിശ്വാസ പ്രമേയത്തിന് ശേഷമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ബി.ജെ.പിയെ പുറത്താക്കാൻ മതേതര കക്ഷികളുമായി വിട്ടുവീഴ്ച ചെയ്യുന്നതിന് കോൺഗ്രസ് തയാറാണ്. സ്ഥിരംസമിതിയിൽ വിട്ടുവീഴ്ചക്ക് കോൺഗ്രസ് തയാറായിരുന്നു. സി.പി.എമ്മും വിട്ടുവീഴ്ചക്ക് തയാറാകുമെന്നാണ് പ്രതീക്ഷയെന്നും ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.