തിരുവനന്തപുരം: പ്രതിപക്ഷത്തെ വെട്ടിലാക്കാൻ ലക്ഷ്യമിട്ട് തുറന്നുവിട്ട പെട്ടി വിവാദം ഫലത്തിൽ പൊട്ടിത്തെറിച്ചത് സി.പി.എമ്മിനുള്ളിൽ. മന്ത്രി എം.ബി. രാജേഷും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും ഒരു ഭാഗത്തും സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് മറുഭാഗത്തും വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിക്കുമ്പോൾ സംസ്ഥാന നേതൃത്വവും സമ്മർദത്തിലാണ്. പെട്ടിയെച്ചൊല്ലിയാണ് നിലവിലെ ഭിന്നാഭിപ്രായമെങ്കിലും സ്ഥാനാർഥി നിർണയം മുതൽ പാർട്ടിയിൽ ഉരുണ്ടുകൂടുകയും പുകയുകയും ചെയ്യുന്ന അസ്വാരസ്യങ്ങളാണ് ഇപ്പോൾ ഉരുൾപൊട്ടിയത്.
പി. സരിനെ സ്ഥാനാർഥിയാക്കിയതിലൂടെ കോൺഗ്രസിൽ ഭിന്നസ്വരമുണ്ടെന്ന് സ്ഥാപിച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാമെന്ന സി.പി.എം തന്ത്രം ബൂമാറാങ്ങായി എന്നതാണ് പാലക്കാട്ടെ സാഹചര്യം.
ഡി.സി.സിയുടെ കത്തടക്കം പുറത്തുവന്നത് പിടിവള്ളിയാക്കി, സർക്കാറിനെ ബാധിക്കുന്ന മറ്റ് വിവാദങ്ങളിലേക്ക് പ്രചാരണ ശ്രദ്ധ നീളാതിരിക്കാൻ ജാഗ്രത പുലർത്തിയായിരുന്നു തുടക്കമെങ്കിലും പാതിരാത്രിയിലെ പരിശോധനയിലൂടെ കാര്യങ്ങൾ കൈവിട്ടു. മറുഭാഗത്ത് സരിന്റെ കാലുമാറ്റം സൃഷ്ടിച്ച ഇടർച്ചയും അസ്വാരസ്യങ്ങളുമെല്ലാം ഹോട്ടൽ വിവാദത്തോടെ കോൺഗ്രസ് ക്യാമ്പ് മറികടന്നു.
സി.സി ടി.വി ദൃശ്യങ്ങളുടെ പേരിൽ പ്രതിപക്ഷനേതാവിനോടും ഷാഫി പറമ്പിലിനോടും കൊമ്പുകോർത്ത നേതാക്കൾ രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും നിലപാടിന്റെ പേരിൽ പരസ്യ വാക്പോരിന് സമാനം പരസ്പരം എതിരിടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്.
പെട്ടി ദൂരെയെറിഞ്ഞ് ജനകീയ പ്രശ്നങ്ങളിലേക്ക് തിരിയണമെന്ന് സംസ്ഥാന കമ്മിറ്റിയംഗം ആവർത്തിക്കുമ്പോൾ അതേ പെട്ടി മുറുകെപ്പിടിച്ച്, ഏത് ജനകീയ പ്രശ്നമാണ് ചർച്ച ചെയ്യാത്തതെന്നാണ് ജില്ല സെക്രട്ടറിയുടെ മറുചോദ്യം. താൻ പറഞ്ഞത് സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണെന്ന് അടിവരയിട്ട് കൃഷ്ണദാസിന്റേത് പാർട്ടി സമീപനമല്ല എന്നുകൂടി ജില്ല സെക്രട്ടറി പറഞ്ഞുവെക്കുന്നു. തൊണ്ടിമുതൽ കണ്ടെടുത്തില്ല എന്നതുകൊണ്ട് പ്രശ്നം പ്രശ്നമല്ലാതാകുമോ എന്ന എം.ബി. രാജേഷിന്റെ ചോദ്യവും കൃഷ്ണദാസിനോടാണ്.
കള്ളപ്പണ പരിശോധനയിൽ കുരുക്കിലാണെന്ന് പാർട്ടിക്ക് ബോധ്യമുണ്ടെങ്കിലും പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എങ്ങനെ പുറത്തുകടക്കുമെന്നതും സങ്കീർണം. അപസർപ്പക കഥകളെ വെല്ലുന്ന രീതിയിലാണ് കോൺഗ്രസും ബി.ജെ.പിയും കള്ളപ്പണം ഒഴുക്കുന്നതെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ വെള്ളിയാഴ്ചയും സംസ്ഥാന സെക്രട്ടറി ആവർത്തിച്ചിരുന്നു. കള്ളപ്പണ വിവരം പൊലീസിന് ചോർന്നത് കോൺഗ്രസിൽനിന്നെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കൂടി നടത്തുമ്പോഴാണ് പെട്ടി വിവാദത്തിൽ പാർട്ടി ശരിക്കും ‘അകപ്പെട്ടത്’.
നിലവിൽ ജില്ല നേതൃത്വത്തിനൊപ്പമാണ് പാർട്ടിയെങ്കിലും ഘടകകക്ഷികൾ കൃഷ്ണദാസിന്റെ നിലപാടിനൊപ്പമാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമാണ് ചർച്ച ചെയ്യേണ്ടതെന്നാണ് ഇവരുടെ പക്ഷം. എന്നാൽ, വിവാദത്തിൽ ഘടകകക്ഷികൾ പരസ്യപ്രതികരണത്തിന് മുതിരുന്നുമില്ല. ഇതിനിടെ കോൺഗ്രസ് കള്ളപ്പണമെത്തിച്ചുവെന്ന് ബി.ജെ.പി ആവർത്തിക്കുന്നതും സി.പി.എമ്മിനെ വെട്ടിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.