പാലക്കാട്: ഈ ആഗസ്റ്റിൽ ലഭിച്ചത് കഴിഞ്ഞ 70 വർഷത്തിനിടെ ആഗസ്റ്റ് മാസത്തിൽ ലഭിച്ച മികച്ച മഴയെന്ന് കണക്കുകൾ. ശരാശരി മഴ 426.7 മില്ലിമീറ്റർ ആയിരിക്കെ ഇത്തവണ ആഗസ്റ്റിൽ കേരളത്തിൽ 575.7 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. കഴിഞ്ഞവർഷം (2019) ലഭിച്ച 951.4 മില്ലിമീറ്റർ മഴയാണ് സർവകാല റെക്കോഡ്.
2018ൽ ലഭിച്ച 821.9 മില്ലിമീറ്റർ രണ്ടാമതും. 2014ൽ പെയ്ത 733.9 മൂന്നാമതുമാണ്. ഏതാനും വർഷങ്ങളായി ജൂൺ, ജൂലൈ മാസങ്ങളിൽ കാലവർഷം ദുർബലമാകുന്നതും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ശരാശരിയെക്കാൾ കൂടുന്നതായും കേന്ദ്രകാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
44 ശതമാനം കുറവ് രേഖപ്പെടുത്തിയ 2019 ജൂണിലായിരുന്നു സമീപകാലത്തെ ഏറ്റവും കുറവ് മഴ. ഇത്തവണ ജൂണിൽ 17 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 2019ൽ ജൂലൈയിൽ 21 ശതമാനം മഴ കുറഞ്ഞപ്പോൾ ഇത്തവണ 29 ശതമാനം കുറവ് രേഖപ്പെടുത്തി. മുൻവർഷം ആഗസ്റ്റിൽ 127 ശതമാനം അധികമഴയും ഇത്തവണ 35 ശതമാനം അധികമഴയും രേഖെപ്പടുത്തി.
രാജ്യമാകമാനമുള്ള കണക്കുകളാണ് ഇതിലും കൗതുകകരം. 94 വർഷത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും മഴ കിട്ടിയ ആഗസ്റ്റാണ് കടന്നുപോയത്-327 മില്ലിമീറ്റർ.
1926ൽ 330.5 മില്ലിമീറ്റർ മഴ ലഭിച്ച ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ ആഗസ്റ്റിലാണെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിെൻറ കണക്കുകൾ. 1926ൽ പെയ്ത 330.5 മില്ലിമീറ്റർ മഴയാണ് 1901-2019 വരെയുള്ള സർവകാല റെക്കോഡ്. 258.2 മില്ലിമീറ്ററാണ് രാജ്യത്ത് ആഗസ്റ്റിലെ മഴയുടെ ശരാശി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.