പാലക്കാട്: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്‍ററിലെ ഡ്രൈവറും തൃശൂർ പീച്ചി പട്ടിക്കാട് സ്വദേശിയുമായ സി.എൽ. ഔസേപ്പിനെയാണ് കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ ഔസേപ്പിനെ ജോലിയിൽ നന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഏഴാം തീയതി രാത്രി നടന്ന അപകടത്തിന് മുമ്പ് ഡ്രൈവറും യുവാക്കളും തമ്മിൽ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം നടന്നതായി ബസ് യാത്രക്കാർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മരിച്ച ആദർശിന്‍റെ പിതാവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
കുഴൽമന്ദത്തിനടുത്ത് വെള്ളപ്പാറയിലുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. കാവിശ്ശേരി സ്വദേശി ആദർശ് മേഹൻ, കാസർകോട് സ്വദേശി സബിത്ത് എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. പാലക്കാട്-വടക്കാഞ്ചേരി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ആണ് അപകടത്തിന് കാരണമായത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡ് കാമറയിൽ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ കുറിപ്പിലും വിവരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.