കോഴിക്കോട്: ഇന്ത്യയുടെ ഹൃദയം, ജീവിക്കാനായി പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പമെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ മനുഷ്യാവകാശ മഹാറാലി. ഫലസ്തീനെ രക്ഷിക്കൂ, മനുഷ്യത്വം സംരക്ഷിക്കൂവെന്ന പ്രഖ്യാപനവുമായി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഹൃദയംതൊട്ട് ഫലസ്തീൻ ജനതക്കായി പ്രാർഥിച്ചു. ജനസാഗരം അതേറ്റുചൊല്ലി. രാജ്യത്തെ ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയാണെന്ന സംഘാടകരുടെ പ്രഖ്യാപനം ശരിവെക്കുന്ന ജനക്കൂട്ടമാണ് നഗരത്തിലേക്കൊഴുകിയത്.
ഉച്ചകഴിഞ്ഞതു മുതൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം കടപ്പുറത്തേക്കൊഴുകി. ലോകത്തെ വിവിധ ഭാഷകളിൽ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് എഴുതിയ ബോർഡുകൾക്കു ചുറ്റും രാജ്യത്തിന്റെ ജനമനസ്സ് ഒരു ജനതയുടെ കഠിനവേദനകളിൽ പങ്കാളികളായി. സയണിസത്തിനും അതിന് കുടപിടിക്കുന്നവർക്കുമുള്ള താക്കീതായി പ്രവർത്തകർ മുദ്രാവാക്യമുയർത്തി. ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലുമെല്ലാം പൊരുതുന്ന ജനതക്കായി അഭിവാദ്യമുയർന്നു. അറബിക്കടലിന് സമാന്തരമായി ഉയർന്ന മനുഷ്യക്കടലിനു മുന്നിൽ പൊതുയോഗത്തിനുമുമ്പ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും ശശി തരൂർ എം.പിയുടെയും നേതൃത്വത്തിൽ നേതാക്കൾ അണിനിരന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനത്തിരക്കിൽ പലപ്പോഴും സംഘാടകർ തീർത്ത നിയന്ത്രണങ്ങൾ താളംതെറ്റി.
ഇസ്രായേലിനെ വെള്ളപൂശാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റാലി ഉദ്ഘാടനംചെയ്ത മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്രായേലിന്റെ അധിനിവേശത്തെ 1947 മുതല്‍ എതിര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇസ്രായേല്‍ രൂപവത്കരണത്തിന്റെ ഒളിയജണ്ടകള്‍ തിരിച്ചറിഞ്ഞ രാജ്യവുമാണ് മഹാത്മാ ഗാന്ധിയുടെ ഇന്ത്യ. മഹാത്മാ ഗാന്ധി അന്നുതന്നെ ഇസ്രായേലി അധിനിവേശത്തെ എതിര്‍ത്തു.
ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്മോഹന് സിങ് വരെയുള്ള ഭരണാധികാരികളും ആ നിലപാട് ഉയര്‍ത്തിപ്പിടിച്ച് നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചു. വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്നതല്ല ഇന്ത്യയുടെ നയം. നെഹ്റു മുതലുള്ള ഭരണാധികാരികള്‍ വേട്ടക്കാര്‍ക്കൊപ്പമല്ല, വേദനിക്കുന്നവര്‍ക്കൊപ്പമാണ് നിന്നത്. ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേല്‍. അവരെ കൂട്ടുപിടിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ്. പശ്ചിമേഷ്യയില്‍ ലംഘിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് അവരും മറുപടി പറയണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍ അദ്നാന് മുഹമ്മദ് ജാബിര്‍ അബുഹൈജ ഓണ്‍ലൈനായി സംസാരിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.കെ. മുനീർ എം.എൽ.എ, എം.കെ. രാഘവൻ എം.പി തുടങ്ങിയവരും സംസാരിച്ചു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്വാഗതവും എം.സി. മായിൻ ഹാജി നന്ദിയും പറഞ്ഞു. വനിത ലീഗ് നേതാവ് പി. കുൽസു അടക്കമുള്ള വനിത നേതാക്കളും വേദിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.