തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടിൽ നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനേയും അറസ്റ്റ് ചെയ്തു. അഭിജിത്തിനെ ഒന്നാം പ്രതിയും, അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്. ഭർതൃ പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അഭിജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അജാസിനെതിരെ പട്ടികജാതി പീഡനം, മർദനം,ആത്‍മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി.
സംഭവത്തിൽ സുഹൃത്തായ അജാസ് ഇന്ദുജയെ മർദിക്കുന്നത് കണ്ടെന്ന് അഭിജിത്ത് മൊഴി നൽകിയിരുന്നു. ശംഖുമുഖത്തു വെച്ചാണ് മർദിച്ചതെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി അഭിജിത്തിനെയും അജാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അജാസിൻ്റെ ഫോൺ ഫോർമാറ്റ് ചെയ്തതിന് ശേഷമാണ് പൊലീസിന് കൈമാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ചയാണ് ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ വീട്ടിലെ ബെഡ്റൂമിലെ ജനലിൽ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സമയം വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ദുജ സ്വകാര്യ ലാബിലെ ജീവനക്കാരിയും അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ നാല് മാസം മുമ്പാണ് അഭിജിത്തിന്‍റെയും ഇന്ദുജയുടെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അമ്പലത്തിൽ വെച്ച് താലി ചാർത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഇന്ദുജയുടെ പിതാവ് ശശിധരൻ കാണി പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. മകളെ കാണാൻ അഭിജിത്തിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചിരുന്നെന്നും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.