‘ഇടതില്ലെങ്കിൽ മുസ്​ലിംകൾ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശ’; സി.പി.എമ്മിനെതിരെ സാദിഖലി തങ്ങൾ

കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്​ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് തങ്ങൾ. സി.പി.എമ്മിന്‍റെ മുസ്​ലിം വിരുദ്ധ പ്രചാരണം ബി.ജെ.പിക്ക് സഹായമാകുന്നുവെന്ന് സാദിഖലി തങ്ങൾ ലീഗ് മുഖപത്രമായ ചന്ദ്രികക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇടതില്ലെങ്കിൽ മുസ്​ലിംകൾ രണ്ടാംതരം പൗരന്മാരാകുമെന്നത് തമാശയാണ്. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാൻ സി.പി.എം ശ്രമിച്ചു. ഇതിന് സി.പി.എമ്മിന് വലിയ പ്രഹരം കിട്ടിയെന്നും സി.പി.എം വിതക്കുന്നത് ബി.ജെ.പിയാണ് കൊയ്യുന്നതെന്നും സാദിഖലി തങ്ങൾ പറയുന്നു.

മതനിരാസത്തിലൂന്നിയ കമ്യൂണിസത്തെ മതങ്ങളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞാണ് സി.പി.എം കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സി.പി.എം. തിരഞ്ഞെടുക്കന്നത്. ജനങ്ങളോട് ശരിയായി രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സി.പി.എമ്മിന്‍റെ സ്ഥിരംശൈലിയാണ്.

കോഴിക്കോട്ട് എം.കെ. രാഘവനെതിരെ കരീംക്കയായും വടകരയില്‍ ഷാഫി പറമ്പിലിനെതിരെ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടായും വന്നത് ഇതിന്റെ ഉദാഹരണമാണ്. സി.പി.എം. കേരളത്തില്‍ നടത്തുന്ന മുസ്​ലിം വിരുദ്ധപ്രചാരണങ്ങള്‍ ബി.ജെ.പിക്ക് സഹായമായി. ഏകസിവില്‍ കോഡ്, സവര്‍ണ സാമ്പത്തിക സംവരണം, മുത്തലാഖ് നിരോധനം, ലൗ ജിഹാദ് എന്നിവ ആദ്യം ഉന്നയിച്ചത് സി.പി.എമ്മാണ്. കേരളത്തില്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിച്ചതും മുസ് ലിം സംവരണം വെട്ടിക്കുറച്ചതും സി.പി.എം സര്‍ക്കാരുകളാണ്. ഇസ്ലാമോഫോബിയയാണ് പിണറായി പൊലീസ് മുഖമുദ്രയെന്ന് ഘടകകക്ഷിയായ സി.പി.ഐ പോലും ആരോപിച്ചു.

ഇത്തവണ സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനാണ് പൊന്നാനിയില്‍ സി.പി.എം ശ്രമിച്ചത്. സമുദായത്തിലെ സംഘടനകളുടെ പൊതു പ്ലാറ്റ്‌ഫോമാണ് മുസ്​ലിം ലീഗ്. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദത്തിലധിഷ്ടിതമായ മതനിരാസ അടിത്തറയുള്ള കമ്യൂണിസ്റ്റുകള്‍ക്ക് സമസ്തയെ ശിഥിലമാക്കാന്‍ മോഹമുണ്ടാവാം. ലീഗും സമസ്തയും തമ്മിലുള്ള ഹൃദയബന്ധത്തെ കുറിച്ച് സി.പി.എമ്മുകാര്‍ ഇനുയുമേറെ പഠിക്കാനുണ്ട്.

ഇന്ത്യയുടെ ആത്മാവ് മതേതരവും ജനാധിപത്യത്തിലധിഷ്ടിതമായ സഹനസാമീപ്യവുമാണ്. സ്‌നേഹപൊയ്കയില്‍ വിഷം കലക്കുന്നവര്‍ക്ക് വൈകാതെ വാളെടുത്തവന്‍ വാളാല്‍ എന്ന അവസ്ഥയുണ്ടാകുമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Panakakd Sadikali Thangal against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.