പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ നേതാക്കള്‍ കുടുംബാംഗങ്ങളുമായി സംഭാഷണത്തിൽ. ബഷീറലി തങ്ങൾ, മുഈനലി തങ്ങള്‍, കെ.പി.എ മജീദ്​ എം.എൽ.എ, നഈമലി തങ്ങള്‍, സാദിഖലി തങ്ങൾ, മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്​ലിയാര്‍, ഗള്‍ഫാര്‍ പി. മുഹമ്മദലി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സമീപം

സമസ്ത നേതാക്കളെ ഒരുമിച്ചിരുത്തിയ പ്രാർഥനയായി ഹൈദരലി തങ്ങൾ; പാണക്കാട്ട് കാന്തപുരത്തെ സ്വീകരിച്ച് ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിന്‍റെ മൂന്നാം നാൾ പ്രത്യേക പ്രാർഥനകളിലായിരുന്നു പാണക്കാട്ടെ വീട്. രാവിലെ 11 മണിയായിക്കാണും. ദാറുന്നഈമിന്‍റെ ഗേറ്റ് കടന്നൊരു വാഹനമെത്തുന്നു. അത്രമേൽ പ്രിയപ്പെട്ടൊരാളുടെ വിടവാങ്ങലുണ്ടാക്കിയ വേദനകൾക്കിടയിലും കണ്ടുനിന്നവരുടെയെല്ലാമുള്ളിൽ ചെറുപുഞ്ചിരി സമ്മാനിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പുറത്തേക്കിറങ്ങി സലാം ചൊല്ലി.

സ്വീകരിക്കാൻ പാണക്കാട്ടെ പുതിയ കാരണവർ സാദിഖലി ശിഹാബ് തങ്ങളും സഹോദരങ്ങളും മക്കളും സമസ്ത നേതാക്കളും. കോലായയിൽ മൗലിദ് പാരായണവും പ്രാർഥനയും നടക്കുമ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്കും ഇടയിലായി കാന്തപുരം ഇരുന്നു. എല്ലാത്തിനും നേതൃത്വം നൽകി വീട്ടുകാരനെപ്പോലെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും.

മരണവീട് സന്ദർശനത്തിന് മറ്റ് മാനങ്ങളൊന്നുമില്ലെങ്കിലും എല്ലാവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലായിരുന്നു പാണക്കാട്. ശാരീരിക അവശതകൾക്കിടയിലും ഞായറാഴ്ച രാത്രി ഹൈദരലി തങ്ങളുടെ ജനാസ സന്ദർശിക്കാൻ കാന്തപുരം അബൂബക്കർ മുസ്ലിയാർ മലപ്പുറം ടൗൺ ഹാളിലെത്തിയിരുന്നു. അദ്ദേഹം മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകുകയും മുനവ്വറലി ശിഹാബ് തങ്ങൾ മൈക്ക് പിടിച്ച് കൊടുക്കുകയും ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സമസ്തയുടെ പിളർപ്പിന് മുമ്പ് രൂപവത്കരിച്ച സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍റെ (എസ്.എസ്.എഫ്) പ്രഥമ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി തങ്ങളായിരുന്നു.

രണ്ട് വർഷം മുമ്പ് പൗരത്വ പ്രക്ഷോഭകാലത്ത് മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി കൊച്ചിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ ഇരുസമസ്തകളുടെയും നേതാക്കൾ വേദി പങ്കിട്ടിരുന്നു. 2009ൽ മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോഴും ജനാസ സന്ദർശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കാന്തപുരം എത്തിയിരുന്നു. ബുധനാഴ്ച രണ്ട് മണിക്കൂറിലധികം ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചെലവഴിച്ച് ഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കാന്തപുരം പ്രസിഡന്‍റായ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി ഉൾപ്പെടെയുള്ള നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ പാണക്കാട്ടെത്തി.

Tags:    
News Summary - panakkad hyderali shihab thangal became a prayer brought all samastha leaders together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.