പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആശ്വസിപ്പിച്ചവർക്കും കൂടെ നിന്നവർക്കും നന്ദിയറിയിച്ച് മുഈനലി ശിഹാബ് തങ്ങൾ. പിതാവിന്‍റെ വിയോഗത്തിൽ കുടുംബാഗങ്ങളെപോലെ തന്നെ ദു:ഖത്തിലാകും പിൻഗാമികളെന്ന് അറിയാം. മുഖ്യമന്ത്രി മുതൽ രാഹുൽ ഗാന്ധി, മതപണ്ഡിതർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ കക്ഷി നേതാക്കൾ, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പൊലീസ് ഉദ്യോഗസ്ഥർ, വൈറ്റ് ഗാർഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ, പിതാവിനെ ഹൃദയത്തിൽ ചേർത്തുപിടിച്ച എന്റെ പ്രിയപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ തുടങ്ങിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മുഈനലി ശിഹാബ് തങ്ങൾ കുറിച്ചു. ഖബറടക്കം രാത്രി തന്നെ നടത്തിയത് പെട്ടെന്നുള്ള തീരുമാനമായിരുന്നുവെന്നും, അതുമൂലം ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളെ പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം.
കുടുംബത്തിന്റെ വേദനയിൽ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും നന്ദി.
ബഹു: മുഖ്യമന്ത്രി മുതൽ ശ്രീ: രാഹുൽ ഗാന്ധി, മതപണ്ഡിതർ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ കക്ഷി നേതാക്കൾ, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥർ, വൈറ്റ് ഗാർഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ...
ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തിൽ ചേർത്തുപിടിച്ച എന്റെ പ്രിയപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ.
എല്ലാവർക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനയിലും എല്ലാവരും ഉണ്ടായിരിക്കും.
അഭിവന്ദ്യ പിതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ച് വളരെ പ്രയാസപ്പെട്ട് ദൂരെദിക്കുകളിൽ നിന്ന് പോലും എത്തിയ പ്രിയ സഹോദരന്മാർക്ക്
കാണാൻ കഴിയാത്തതിൽ എല്ലാവരുടെയും പ്രയാസവും വേദനയും മനസ്സിലാക്കുന്നു.
പ്രത്യേക സാഹചര്യത്തിൽ പ്രിയപ്പെട്ട എളാപ്പ സാദിഖലി ശിഹാബ് തങ്ങളുടെ പക്വതയാർന്ന തീരുമാനമായിരുന്നു ജനാസ പെട്ടെന്ന് മറവ് ചെയ്യുക എന്നത്. രാവിലെ ജനാസ മറവ് ചെയ്യാനുള്ള തീരുമാനം മാറ്റം വന്നതിൽ പലർക്കും ഉണ്ടായ വിഷമത്തിൽ എല്ലാവരോടും ക്ഷമ ചോദിക്കുകയാണ്.
പ്രിയ സഹോദരങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമാണ് ഞങ്ങളുടെ ശക്തി. അഭിവന്ദ്യ പിതാവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നാഥൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മൾ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.