മലപ്പുറം: വഖഫ് സംബന്ധിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വഖഫ് രാജ്യം അംഗീകരിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ വഖഫിനെ കുറിച്ചുള്ള അജ്ഞത മൂലമാണ്. വഖഫ് രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുടെ പരാമർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. സാമുദായിക വേർതിരിവിന് വേണ്ടിയുള്ള കലക്കാണെന്നും അതിന് വേണ്ടിയാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഇത് സമൂഹത്തിന് ചേർന്നതല്ല. ഇത് പലകുറി ഉപയോഗിച്ചതാണ്. വിശ്വാസം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുക എന്നത് ബി.ജെ.പിയുടെ നയമാണ്. കേന്ദ്ര സർക്കാറിന് മുമ്പുള്ള ഭൂരിപക്ഷമില്ല. പല പാർട്ടികളുണ്ടെന്നും വരുന്നിടത്ത് വച്ച് കാണാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വയനാട് കമ്പളക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വഖഫിനെതിരെ അധിക്ഷേപ പരാമർശം കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയത്. ഇംഗ്ലീഷിൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്.
ആ ബോർഡിന്റെ പേര് താൻ പറയില്ല. ഭാരതത്തിൽ ആ കിരാതത്തെ ഒതുക്കിയിരിക്കും. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തേത് ഇംഗ്ലീഷിൽ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ്. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.