ന്യൂഡൽഹി: ആലുവ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ 2006ൽ നടത്തിയ സ്വാതന്ത്ര്യദിന സെമിനാർ സിമി ക്യാമ്പ് ആണെന്ന കുറ്റാരോപണം തള്ളിയ 2019ലെ കേരള ഹൈകോടതി വിധിക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. കേസിലെ അഞ്ചുപേരെയും വെറുതെ വിട്ടത് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു.
എൻ.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി 14 വര്ഷം കഠിനതടവിന് വിധിച്ച ഒന്നും രണ്ടും പ്രതികളും ഈരാറ്റുപേട്ട സ്വദേശികളുമായ ഹാരിസ് എന്ന പി.എ. ശാദുലി, അബ്ദുൽ റാസിഖ്, 12 വർഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അൻസാർ നദ് വി, നാലാം പ്രതി പാനായിക്കുളം സ്വദേശി നിസാമുദ്ദീൻ എന്ന നിസുമോൻ, അഞ്ചാം പ്രതി ഈരാറ്റുപേട്ട സ്വദേശി ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഹൈകോടതി ഡിവിഷൻ ബെഞ്ച് വെറുതെവിട്ടത്.
എന്നാൽ, 2011ലെ സുപ്രീംകോടതി ജഡ്ജി മാർകണ്ഡേയ കട്ജുവിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി അഞ്ചുപേരെയും കുറ്റമുക്തരാക്കിയതെന്നും 2019ൽ സുപ്രീംകോടതി ജസ്റ്റിസ് കട്ജുവിന്റെ വിധി റദ്ദാക്കിയ പശ്ചാത്തലത്തിൽ ഈ കേസും റദ്ദാക്കണമെന്നും എൻ.ഐ.എ വാദിച്ചു.
എന്നാൽ, മാർകണ്ഡേയ കട്ജുവിന്റെ വിധി ഹൈകോടതി പരാമർശിക്കുകമാത്രമാണ് ചെയ്തതെന്നും മറ്റു പല കാരണങ്ങളുമാണ് കോടതി പരിഗണിച്ചതെന്നും കുറ്റമുക്തരാക്കിയവർക്കുവേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു.ഇത് അംഗീകരിച്ച സുപ്രീംകോടതി, വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഹൈകോടതി വെറുതെവിട്ടതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.