പിണറായി ഗാങ്സ്റ്റര്‍ നേതാവ്, ബ്രണ്ണന്‍ കഥകള്‍ ബഡായിയാണ്; ആരോപണവുമായി രാഷ്ട്രീയ ഗുരുവിന്‍റെ മകൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഷ്ട്രീയ ഗുരുവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകന്‍ പാണ്ട്യാല ഷാജി. 1986ല്‍ എം.വി രാഘവനൊപ്പം സി.പി.എംവിട്ട വെണ്ടുട്ടായി ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പിണറായിയാണെന്ന് പാണ്ട്യാല ഷാജി വെളിപ്പെടുത്തി. പിണറായിയുടെ ശത്രുത മൂലമാണ് തന്നെ സിപിഎമ്മുകാർ മർദിച്ചത്. ഒന്നേകാല്‍ വർഷമാണ് മർദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞത്. പിണറായി ഗാങ്സ്റ്റര്‍ നേതാവായ പിണറായി വിജയനെ കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ കാണില്ലെന്നും ഗൂഢാലോചനകളില്‍ അദ്ദേഹം ഉണ്ടാകുമെന്നും മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പാണ്ട്യാല ഷാജി ആരോപിച്ചു.

പാണ്ട്യാല ഷാജിയുടെ അഭിമുഖം:

പിണറായി എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍, നല്ല ക്വാളിറ്റി എന്തെങ്കിലുമുണ്ടെങ്കില്‍ എന്‍റെ അച്ഛനില്‍ നിന്ന് ലഭിച്ചതാണ്. തലശ്ശേരിയില്‍ വിവേകാനന്ദ ട്യൂട്ടോറിയല്‍ എന്നൊരു കോളജുണ്ടായിരുന്നു. അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാതിരുന്ന അവസ്ഥയുണ്ടായി. ഇതിനെതിരെ നമ്മള്‍ പാര്‍ട്ടിക്കകത്ത് പ്രശ്നമുണ്ടാക്കി. ഇതിനെ എതിര്‍ക്കുന്ന ചേരിയിലായിരുന്നു പിണറായി. തലശ്ശേരി ടൗണിലൂടെ മുദ്രാവാക്യം വിളിച്ചു. ഞാനാ വിളിച്ചത്. ''പിണറായിക്കിത് ഭൂഷണമെങ്കില്‍ തലശ്ശേരിക്കിത് അപമാനം. പിണറായി എന്താ തലശ്ശേരിയാ..'' ഇതായിരുന്നു മുദ്രാവാക്യം. ഇത് ചര്‍ച്ചയായി. പാര്‍ട്ടി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ''മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാ. പക്ഷേ പിണറായിയും മാപ്പ് പറയണ''മെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സംഗതി എവിടെയുമെത്തിയില്ല. ബാബു എന്നാ എന്നെ വിളിക്കുക. അയാള്‍ പറഞ്ഞത് ബാബു ഒരു പയ്യനൊന്നുമല്ല. ഈ മുദ്രാവാക്യം മുതിര്‍ന്ന മുദ്രാവാക്യമാണ്. തന്നെ അപമാനിക്കുന്നതാണ്. മൂപ്പര് എന്ത് വിഷയത്തെയും വ്യക്തിപരമായേ കാണൂ. രാഷ്ട്രീയമായി കാണില്ല. 86ല്‍ സി.എം.പി വന്നതോടെ അകല്‍ച്ച പൂര്‍ണമായി.

വെണ്ടുട്ടായി ബാബുവിനെ അതിദാരുണമായി കൊലപ്പെടുത്തിയതിന്‍റെ ചീഫ് ഓപറേറ്റര്‍ പിണറായിയാണ്. പഴയ സി.പി.എംകാരനാണ്. അപാരമായ കരുത്തുള്ള ഒരാളാണ്. സി.എം.പി വന്നപ്പോള്‍ ബാബു അതിലേക്ക് വരാന്‍ തുടങ്ങി. പിണറായിയില്‍ സി.എം.പിയുടെ ഓഫീസ് തുടങ്ങി. ഞാന്‍ പാണ്ട്യാലയുടെ മകന്‍ ആയതുകൊണ്ട് വാടക വാങ്ങിയില്ല. തിരുവങ്ങാട് വെച്ച് ബാബുവിനെ കൊന്നുകളഞ്ഞു. കോടി പുതപ്പിക്കാന്‍ പോലും പൈസയില്ലായിരുന്നു. കറന്‍റ് വലിക്കാന്‍ നോക്കിയപ്പോള്‍ സി.പി.എംകാര്‍ തടഞ്ഞു. പന്തം കത്തിച്ചാണ് ബാബുവിനെ കുഴിച്ചിട്ടത്. എത്ര കള്‍ച്ചറില്ലാത്തവരാണ് അവരെന്ന് ഓര്‍ക്കണം. പിണറായിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. അന്നത്തെ എന്‍റെ പ്രസംഗം കേട്ട ചില സില്‍ബന്ദികള്‍ ഇയാളോട് പറഞ്ഞു കൊടുത്തു രണ്ട് മക്കളെയും ഞാന്‍ ശരിപ്പെടുത്തുമെന്നാ പ്രസംഗിച്ചതെന്ന്. ഇതും കൂടി ആയതോടെ നമ്മളെ ശരിപ്പെടുത്താനുള്ള സാധ്യതകള്‍ അന്വേഷിക്കാന്‍ തുടങ്ങി.

അങ്ങനെയിരിക്കെയാണ് എ.കെ.ജി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നാമത്തെ ദിവസമാണ് എന്നെ ആക്രമിക്കുന്നത്. ഒന്നേകാല്‍ വര്‍ഷമാ ആശുപത്രിയില്‍ കിടന്നത്. എന്‍റെ രണ്ട് മക്കളെയും കൈകൊണ്ട് എടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. എന്‍റെ രണ്ട് കാലും പോയതാ. പാര കൊണ്ട് കാലില്‍ അടിച്ചിട്ട് ചിതറിപ്പോയി. ഒരു മണിക്കൂറാ എന്നെ അടിച്ചത്. അടികൊണ്ടുവീണു. മമ്പറം ദിവാകരനാണ് രണ്ട് ജീപ്പില്‍ ആളുമായി വന്ന് എന്നെ എടുത്തു കൊണ്ടുപോയത്. ഒരു മനുഷ്യനെ ഇങ്ങനെ അക്രമിക്കാന്‍ ആരാ ഇയാള്‍ക്ക് അധികാരം കൊടുത്തത്? തെളിവെന്താന്ന് ചോദിച്ചാല്‍ പാണ്ട്യാലയുടെ മകനെ വേറെ ആരെങ്കിലും അടിക്കുമോ? ഞാന്‍ എന്തെങ്കിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പാര്‍ട്ടിക്ക് അകത്തുള്ളവരോ പുറത്തുള്ളവരോ പറയില്ല. അത്യാവശ്യം എഴുത്തും വായനയുമായി പോകുന്ന ഒരാളാ ഞാന്‍.

മാര്‍ക്സിസ്റ്റ് വിരുദ്ധമായ സാമൂഹ്യ വിരുദ്ധമായ ഗാങ്സ്റ്റര്‍ ലീഡറാണ് പിണറായി വിജയന്‍. അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാമാണിക നേതാവല്ല. മറ്റുള്ളവരുടെ സങ്കടം കണ്ടാല്‍ കരച്ചില്‍ വരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. മാനവിക ദര്‍ശനമെന്നത് പിന്നെ ബഡായി പറയാനാണോ? എനിക്ക് അയാളോട് വ്യക്തിപരമായ ഒരു വൈരാഗ്യവുമില്ല. അതിന് കാരണം അങ്ങനെ വൈരാഗ്യം വെക്കാനുള്ള ക്വാളിറ്റി അയാള്‍ക്കില്ല. എല്ലാത്തിന്‍റെയും ഗൂഢാലോചനക്കാരനാണ് പിണറായി. അയാള്‍ നേരിട്ടൊന്നും ചെയ്യില്ല.

പിണറായിയുടെ ബ്രണ്ണന്‍ കഥകള്‍ കള്ളമാണ്. 1971ലാണ് ബ്രണ്ണന്‍ കോളജില്‍ എ.ബി.വി.പി ഉണ്ടാക്കുന്നത്. അന്ന് പിണറായി ബ്രണ്ണന്‍ കോളജിലില്ല. ബഡായി പറയുന്നതെന്തിനാ? ഞാന്‍ ഭയങ്കരനാണെന്ന് സ്ഥാപിക്കാന്‍ മാത്രമാണിത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിയുടെ അടി കൊണ്ടവര്‍ പറയണം. കണ്ണൂര്‍ ജില്ലയില്‍ ഇയാള്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ഉണ്ടായ അത്രയും അക്രമം എന്നാണ് ഉണ്ടായിരിക്കുന്നത്?

Tags:    
News Summary - Pandyala Shaji argued Pinarayi Vijayan as Gangster Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.