തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവെക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പാനല്‍ രൂപവത്കരിക്കാൻ വനംമന്ത്രി എ.കെ. ശശീന്ദ്രന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. വെടിവെക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ സര്‍വിസില്‍നിന്ന് വിരമിച്ചവര്‍, വിരമിച്ച ജവാന്മാര്, റൈഫിള്‍ ക്ലബില്‍ അംഗങ്ങളായവര്‍ തുടങ്ങി ഇതില്‍ താല്പര്യമുള്ളവരെ ഉള്‍പ്പെടുത്തിയാണ് പാനല്‍ തയാറാക്കുന്നത്.
പ്രശ്നബാധിത മേഖലകളില്‍ തയാറാക്കിയ ഷൂട്ടേഴ്സിന്റെ പാനല്‍ വിപുലീകരിക്കും. പഞ്ചായത്ത് അധ്യക്ഷന്മാര്ക്ക് ഈ പാനലില്‍നിന്ന് ഷൂട്ടേഴ്സിനെ തെരഞ്ഞെടുക്കാം. ഭൂപ്രദേശങ്ങളുമായി പരിചയമുള്ള ആളുകളെ ഉള്‍പ്പെടുത്തി സ്ക്വാഡ് രൂപവത്കരിക്കാം. ഷൂട്ടേഴ്സിനുള്ള തുക അനുവദിക്കാന്‍ ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ ആവശ്യപ്പെടും.
ജഡം സംസ്കരിക്കുന്നതിനുള്ള തുക വർധിപ്പിക്കും. ഇതിനും ദുരന്തനിവാരണ ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെടും. വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രത്യേക ഫണ്ട് ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.