കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും, പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകമാത്രമാണുള്ളതെന്നും അറസ്റ്റിലായ പ്രതികളുടെ മൊഴി. ഒരോ പ്രദേശത്തും അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്‍റെ നേതൃത്വത്തിൽ ബോംബ് നിർമാണം നടത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് നൽകിയ മൊഴി. ഇതിനിടെ, സി.പി.എം നേതൃത്വം നിഷേധിക്കുമ്പോഴും അറസ്റ്റു ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ നേതാക്കളുൾപ്പെടെ ബോംബ് നിർമാണത്തിൽ പങ്കാളികളായെന്നാണ് പൊലീസ് വിലയിരുത്തൽ.
രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകകളാണെന്നതിലേക്ക് പാനൂർ ബോംബ് സ്ഫോടന കേസിലെ അന്വേഷണ വഴി ചെന്നെത്തുന്നത്. ഗുണ്ടാ സംഘങ്ങളിൽ ഒന്നിനെ സ്ഫോടനത്തിൽ പരുക്കേറ്റ വിനീഷും മറ്റൊരു സംഘത്തിനെ കൊളവല്ലൂർ സ്വദേശി ദേവാനന്ദും നയിക്കുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഏറ്റവും ഒടുവിൽ, കഴിഞ്ഞ മാസം കുയിമ്പിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് നടന്ന സംഘർഷത്തിെൻറ തുടർച്ചക്കായാണ് ബോംബ് നിർമ്മിച്ചതെന്നാണ് പറയുന്നത്. ഇതിനു ശേഷം ഈ സംഘങ്ങൾ തമ്മിൽ പലപ്പോഴായി ഏറ്റുമുട്ടലുണ്ടായതായാണ് പറയുന്നത്. ദേവാനന്ദിന്റെ ഗുണ്ടാ സംഘത്തെ നേരിടാനാണ് വിനീഷിൻ്റെ നേതൃത്വത്തിൽ ബോംബ് നിർമിച്ചതെന്നാണിപ്പോൾ പൊലീസിന് ലഭിച്ച വിവരം. എതിരാളികളെ ഭീഷണിപ്പെടുത്തുകയായിരുന്നു ബോംബ് നിർമാണത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് മൊഴി.
ദേവനാന്ദിനെതിരെ പൊലീസ് കാപ്പക്ക് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രതികളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ബോംബ് നിർമാണത്തിലൂടെ പ്രതികൾക്ക് ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.