ആലപ്പുഴ: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിന് കേരളത്തിൽ നിന്ന് വോട്ട് ചെയ്തയാൾ ആരായാലും കുലംകുത്തിയാണെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുചെയ്തത് ആരായാലും രാഷ്ട്രീയമറിയാത്തയാളാണ്. ജീവിക്കാനുള്ള രാഷ്ട്രീയ പ്രവർത്തനമാണ് അയാളുടേത്. അതാരാണെന്ന് കണ്ടുപിടിക്കണം. ഇത്തരത്തിൽ വോട്ട് ചെയ്തതിലൂടെ നാടിന്റെ ധാർമികതയെയാണ് ചോദ്യംചെയ്തത്. കേരളംപോലെ രാഷ്ട്രീയ പ്രബുദ്ധത ഉയർന്ന സംസ്ഥാനത്തുനിന്ന് ഇങ്ങനെ സംഭവിച്ചതിൽ വലിയ പ്രതിഷേധമുണ്ട്.
ആദിവാസി ഗോത്രവനിതയെ പിന്തുണക്കാത്ത ഇടത് സമീപനം ശരിയോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ കേന്ദ്രം ഭരിക്കുന്നവർ മറ്റെല്ലാ പാർട്ടികളെയും വിളിച്ച് സമവായമാണ് ഉണ്ടാക്കേണ്ടിയിരുന്നുവെന്നായിരുന്നു മറുപടി. എ.പി.ജെ. അബ്ദുൽ കലാമിന്‍റെ കാര്യത്തിൽ സമവായ ശ്രമമുണ്ടായിട്ടും ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തിയല്ലോയെന്ന ചോദ്യത്തിന് അതും ഇപ്പോഴത്തെ തെരഞ്ഞെടുപ്പും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.