പാനൂർ: മുളിയാത്തോട് ബോംബ് സ്ഫോടനത്തിന് കാരണം രാഷ്ട്രീയ പിന്തുണയുള്ള ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ മൊഴി. കൊളവല്ലൂർ കക്കാട് അടുങ്കുടി വയൽ ക്ഷേത്ര പരിസരത്ത് സി.പി.എം പിന്തുണയുള്ള വിനീഷിന്റെ സംഘവും കുന്നോത്ത്പറമ്പ് കുഴിമ്പിൽ ക്ഷേത്രത്തിന് സമീപത്തുള്ള ആർ.എസ്.എസ് പിന്തുണയുള്ള ദേവാനന്ദിന്റെ സംഘവും ഏറ്റുമുട്ടി ഇരു സംഘത്തിലുമുള്ള ഏതാനും പേർക്ക് പരിക്കേറ്റിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയിലാണ് ബോംബ് നിർമാണം ആസൂത്രണം ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. മുഖ്യ ആസൂത്രകൻ ഷജിലിനെ ചോദ്യം ചെയ്യുന്നതോടെ ബോംബ് നിർമാണം ആർക്കുവേണ്ടി, എന്തിനുവേണ്ടി എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
മുളിയാത്തോട് ബോംബ് സ്ഫോടനത്തിൽ സി.ഐ.ടി.യു നേതാവും കല്ലിക്കണ്ടി സി.ഐ.ടി.യു ബ്രാഞ്ചംഗവും കല്ലിക്കണ്ടി ടൗണിലെ ചുമട്ടുതൊഴിലാളിയുമായ ബോംബ് സ്ഫോടനത്തിൽ സാരമല്ലാത്ത പരിക്കേറ്റ് ചികിത്സയിലായിരുന്ന അശ്വന്ത്, ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിനോദ് എന്നിവരെ അന്വേഷണ സംഘം അടുത്ത ദിവസം അറസ്റ്റ് ചെയ്യുമെന്നറിയുന്നു. മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ, ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്ത്പറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു, ചെറുപറമ്പ് അടുങ്കുടി വയലിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ഷബിൻ ലാൽ, മീത്തലെ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ ജോ. സെക്രട്ടറി കിഴക്കയിൽ അതുൽ, ഡി.വൈ.എഫ്.ഐ കടുങ്ങാംപൊയിൽ ജോ. സെക്രട്ടറി ചിറക്കരാണ്ടിമേൽ സായൂജ്, ചെണ്ടയാട് പാടന്റെ താഴെ ഉറവുള്ള കണ്ടിയിൽ അരുൺ എന്നിവരെ ഈ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജില്ല പൊലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.