പാലക്കാട്: പറമ്പിക്കുളം-ആളിയാർ (പി.എ.പി) കരാർപുതുക്കലിൽ തീരുമാനം കേരളം-തമിഴ്നാട് സെക്രട്ടറിതല സമിതി ചർച്ച പൂർത്തിയായശേഷം. ലോക്ഡൗൺമൂലം മുടങ്ങിയ ചർച്ച വിഡിയോ കോൺഫറൻസിങ്ങിലൂടെ തുടരുന്നത് ആലോചിക്കുന്നുണ്ടെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തുടർചർച്ചകൾക്ക് സെക്രട്ടറിതല സമിതിക്ക് ഇരുസംസ്ഥാനങ്ങളും രൂപംനൽകിയത്. ഫെബ്രുവരിയിൽ സെക്രട്ടറിതല സമിതി ചെന്നൈയിൽ നടത്തിയ ചർച്ചയിൽ പുരോഗതിയുണ്ടായിരുന്നു.
പി.എ.പി കരാർപ്രകാരം പറമ്പിക്കുളം ഗ്രൂപ് ഡാമുകളിൽ വർഷത്തിൽ 16.5 ടി.എം.സി വെള്ളം എത്തിയാൽ മാത്രമേ കേരളത്തിന് 2.5 ടി.എം.സി നൽകാൻ തമിഴ്നാടിന് ബാധ്യതയുള്ളൂ. മിക്കവർഷവും 16.5 ടി.എം.സിയിൽ വെള്ളമെത്താറില്ലാത്തതിനാൽ കേരളത്തിന് അവകാശപ്പെട്ട ജലം ലഭിക്കാറില്ല. പ്രാേയാഗികമായി ഗുണംചെയ്യാത്ത ഇൗ വ്യവസ്ഥ ഭേദഗതിചെയ്യണമെന്നും ഉപാധികളില്ലാതെ 2.5 ടി.എം.സി വെള്ളം ചിറ്റൂർ പുഴയിലേക്ക് ഒഴുക്കണമെന്നുമാണ് കേരളത്തിെൻറ ആവശ്യം.
കരാർപ്രകാരം ആനമലയാറിൽനിന്ന് നൽകാമെന്നേറ്റ 2.5 ടി.എം.സി വെള്ളം കേരളം വിട്ടുനൽകണമെന്ന് തമിഴ്നാടും ആവശ്യപ്പെട്ടു. സെക്രട്ടറിതല ചർച്ചയിൽ ഇരുപക്ഷവും ആവശ്യങ്ങൾ അംഗീകരിച്ച്, തുടർചർച്ചയുമായി മുന്നോട്ടുേപാകാൻ ധാരണയായി. മൂന്നാംഘട്ട ചർച്ച വിഡിയോ കോൺഫറൻസിങ് വഴി മുന്നോട്ടുകൊണ്ടുപോകാനാണ് ആലോചന. തുടർന്ന് കരാർഭേദഗതിക്ക് സർക്കാർതലത്തിൽ അന്തിമചർച്ച നടക്കും. ഭേദഗതിയുണ്ടായാൽ ആളിയാറിൽനിന്ന് ലഭിക്കുന്ന 7.25 ടി.എം.സി ജലത്തോടൊപ്പം 2.5 ടി.എം.സി കൂടി അധികമായി കേരളത്തിന് ലഭിക്കും. 1970 മേയ് 29നാണ് നദീജലം പങ്കുവെക്കാൻ കേരളവും തമിഴ്നാടും പി.എ.പി കരാർ ഒപ്പുെവച്ചത്. ഇതുപ്രകാരം കേരള പരിധിയിലുള്ള പറമ്പിക്കുളം ഗ്രൂപ് (പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം) ഡാമുകളുടെ നിയന്ത്രണം തമിഴ്നാടിനാണ്. ഇരുസംസ്ഥാനങ്ങൾക്കും ഗുണകരമാവുന്നതാണ് നിർദേശമെന്നും ഭേദഗതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.