ചിറ്റൂർ: പറമ്പിക്കുളം-ആളിയാർ കരാർ ലംഘനം തുടരുന്ന തമിഴ്നാടിനെതിരെ പ്രക്ഷോഭം നടത്താൻ സർവകക്ഷി യോഗം തീരുമാനിച്ചു. കെ. കൃഷ്ണൻകുട്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ കെ.വി. വിജയദാസ്, കെ. ബാബു, ചിറ്റൂർ-കൊല്ലങ്കോട് മേഖലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ കർഷക സംഘടന പ്രതിനിധികൾ എന്നിവർ പെങ്കടുത്തു.
ഇതുവരെ 3.75 ടി.എം.സി വെള്ളം മാത്രമാണ് സീസണിൽ കേരളത്തിന് ലഭിച്ചിട്ടുള്ളത്. ഇനി 3.5 ടി.എം.സി കൂടി കരാർപ്രകാരം ലഭിക്കാനുണ്ട്. അത് ലഭ്യമായില്ലെങ്കിൽ ചിറ്റൂർ മേഖലയിലെ 150ലധികം കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാവുമെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേരളത്തിലെ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് വെള്ളം തട്ടിക്കൊണ്ട് പോവുകയാണെന്ന് കെ.വി. വിജയദാസ് പറഞ്ഞു.
പറമ്പിക്കുളം വിഷയത്തിൽ രാഷ്ട്രീയത്തിനതീതമായ ശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാനാവൂ. കേരളത്തിനർഹതപ്പെട്ട വെള്ളം ചോദിച്ചു വാങ്ങാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജല വിഷയത്തെ തമിഴ്നാട് വൈകാരികമായാണ് ഏറ്റെടുക്കുന്നതെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് പ്രശ്നം രൂക്ഷമാവാൻ കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു.ബുധനാഴ്ച മിനി സിവിൽ സ്റ്റേഷനിൽ യോഗം ചേർന്ന് സംയുക്ത സമരസമിതി രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.